Home rss national malayalam പുതിയ വാർത്ത പ്രധാനമന്ത്രിയുടെ നക്‌സല്‍ പ്രയോഗത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ‘ദിമാഗി നക്സല്‍ പാര്‍ട്ടി’ പിറന്നു

പ്രധാനമന്ത്രിയുടെ നക്‌സല്‍ പ്രയോഗത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ‘ദിമാഗി നക്സല്‍ പാര്‍ട്ടി’ പിറന്നു

5
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ തലച്ചോറില്‍ നക്‌സലിസം അവശേഷിക്കുന്നവര്‍ ഇപ്പോഴും ഇന്ത്യയില്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ച ‘ദിമാഗി നക്‌സല്‍’ എന്ന പ്രയോഗം ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി പിറന്നു. ‘ദിമാഗി നക്സല്‍ പാര്‍ട്ടി’ എന്ന പേജിന് ആദ്യ ദിവസം തന്നെ വലിയ പിന്തുണയാണു ലഭിച്ചത്.

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ തൊഴില്‍ രഹിതരായ യുവാക്കള്‍ കൂറകളെപ്പോലെയാണെന്ന വിവാദ പ്രസ്താവന ഇന്ത്യയിലെ യുവജന മുന്നേറ്റത്തിന് പുതിയ ദിശാബോധം നല്‍കിയ കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി)യുടെ പിറവിക്ക് വഴിയൊരുക്കിയതിനു പിന്നാലെയാണ് സമാനമായ മറ്റൊരു രാഷ്ട്രീയ പിറവി.

അമ്പതിനായിരത്തിലേറെ ഫോളോവേഴ്സിനെ ‘ദിമാഗി നക്സല്‍ പാര്‍ട്ടി’ ഒറ്റദിവസം കൊണ്ട് നേടിയിട്ടുണ്ട്. സ്ഥാപകന്റെ പേര് ‘ഒരു ദിമാഗി ഇന്ത്യക്കാരന്‍’ എന്നാണ് നല്‍കിയിരിക്കുന്നത്. ‘ചിന്തിക്കുക, അന്വേഷിക്കുക, പ്രതിരോധിക്കുക’ എന്നതാണ് പാര്‍ട്ടിയുടെ ആപ്തവാക്യമായി കൊടുത്തിരിക്കുന്നത്. പേജിന് പിന്നിലുള്ളതാരാണെന്ന് വ്യക്തമല്ല. അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളെയും ചോദ്യംചെയ്തുകൊണ്ടുള്ള പോസ്റ്റുകളാണ് പേജില്‍ പ്രത്യക്ഷപ്പെടുന്നത്.

ഇന്നലെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് മോദി ‘ദിമാഗി നക്‌സല്‍’ പ്രയോഗം നടത്തിയത്. ‘സായുധരായ നക്സലുകളെ ഇല്ലാതാക്കാന്‍ കഴിഞ്ഞു, എന്നാല്‍ തലച്ചോറില്‍ നക്സലിസം ശേഷിക്കുന്നവര്‍ ഇന്ത്യയില്‍ ഇപ്പോഴും തുടരുന്നു’ എന്നാണ് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് മോദി പറഞ്ഞത്. സായുധ നക്‌സലിസം രാജ്യത്തുനിന്ന് തുടച്ചുനീക്കപ്പെട്ടെങ്കിലും സമൂഹത്തില്‍ അശാന്തിയും അക്രമവും സൃഷ്ടിക്കാന്‍ ‘ദിമാഗി നക്‌സലുകള്‍’ ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്നും അത്തരത്തിലുള്ളവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

മേയ് 15ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചുകൊണ്ട് നടത്തിയ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. യുവാക്കള്‍ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളോ ആര്‍ ടി ഐ പ്രവര്‍ത്തകരോ ആയി മാറി വ്യവസ്ഥിതിയെ ആക്രമിക്കുകയാണെന്നും അവര്‍ സമൂഹത്തിലെ പാറ്റകളെപ്പോലെയും പരാന്നഭോജികളെപ്പോലെയുമാണ് എന്നായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്.

പിന്നാലെ, സമൂഹമാധ്യമങ്ങളില്‍ അഭിജീത് ദീപ്കെയുടെ നേതൃത്വത്തില്‍ തുടങ്ങിയ സി ജെ പി പേജ് രാജ്യത്തെ യുവജന മുന്നേറ്റമായി മാറുകയായിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് വരെ സിജെ പിയുടെ സമരം കാരണമായി. അസംതൃപ്തരായ ജനത ‘ദിമാഗി നക്സല്‍ പാര്‍ട്ടി’യോട് എങ്ങിനെ പ്രതികരിക്കും എന്ന് ഉറ്റുനോക്കുകയാണ് രാജ്യം.

Content Highlights:
Following PM Narendra Modi’s Dimagi Naxal remark during his Independence Day address, a social media page named Dimagi Naxal Party emerged online. The page gained over 50,000 followers on its first day. This follows the earlier creation of the Cockroach Janata Party over CJI Surya Kant’s remark.