Source :- SIRAJLIVE NEWS
സാൻ ഫ്രാൻസിസ്കോ | തൊഴിലിടങ്ങളിൽ മനുഷ്യനു മേൽ തീരുമാനമെടുക്കുന്ന നിർമിത ബുദ്ധി (എ ഐ)യുടെ കാലം വരുന്നു. സാൻഫ്രാൻസിസ്കോയിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കടയുടെ നടത്തിപ്പ് ചുമതലയുള്ള എ ഐ മാനേജർ അവിടെ ജോലി ചെയ്യുന്ന ജീവനക്കാരനെ പിരിച്ചുവിടാൻ തീരുമാനിച്ചു.
ആൻഡൺ ലാബ് നടത്തുന്ന എ ഐ നിയന്ത്രിത “ആൻഡൺ മാർക്കറ്റി’ലാണ് സംഭവം. ഈ സ്ഥാപനത്തിൽ 23 ഷിഫ്റ്റുകളിൽ 17 തവണയും വൈകിയെത്തിയ ജീവനക്കാരനെ പിരിച്ചുവിടാൻ എ ഐ മാനേജർ ലൂണ ശിപാർശ ചെയ്തു. ഉത്പന്നങ്ങൾ തിരഞ്ഞെടുക്കൽ, വില നിശ്ചയിക്കൽ, കടയുടെ പ്രവർത്തനസമയം തീരുമാനിക്കൽ, ജീവനക്കാരെ നിയമിക്കൽ, ജീവനക്കാരുടെ പ്രകടനം വിലയിരുത്തൽ എന്നീ ചുമതലകളാണ് കന്പനി ലൂണയെ ഏൽപ്പിച്ചിരുന്നത്. പിരിച്ചുവിടൽ ശിപാർശ നൽകിയെങ്കിലും തീരുമാനം പൂർണമായും ലൂണയുടേതായിരുന്നില്ല. മനുഷ്യ ജീവനക്കാർ ലൂണയുടെ ശിപാർശ പരിശോധിച്ച ശേഷം പിരിച്ചുവിടൽ നടപ്പാക്കുകയായിരുന്നു.
ബിസിനസ്സ് നടത്താനും മനുഷ്യ ജീവനക്കാരെ നിയന്ത്രിക്കാനും എ ഐ ഏജന്റിന് ചുമതല നൽകിയാൽ എന്ത് സംഭവിക്കുമെന്ന പരീക്ഷണമാണ് ആൻഡൺ ലാബ് നടത്തിയത്. ഇതിനായി ലൂണയെ മാനേജരാക്കി കച്ചവടം തുടങ്ങുകയായിരുന്നു കന്പനി. ഒരു ലക്ഷം ഡോളർ, കോർപറേറ്റ് കാർഡ്, ഇന്റർനെറ്റ് സൗകര്യം, മൂന്ന് വർഷത്തെ വാടകക്കരാർ എന്നിവയാണ് ഇതിനായി ലൂണക്ക് നൽകിയത്. പിന്നീട്, കട തുറന്ന് ലാഭം നേടാനുള്ള നിർദേശം ലൂണക്ക് നൽകുകയും ചെയ്തു. പുസ്തകങ്ങൾ, മെഴുകുതിരികൾ, കലാസൃഷ്ടികൾ, ഗെയിമുകൾ, വിവിധ ബ്രാൻഡഡ് ഉത്പന്നങ്ങൾ തുടങ്ങിയവയാണ് കടയിൽ വിൽക്കുന്നത്. വിൽപ്പന നടക്കുന്നുണ്ടെങ്കിലും കട ഇതുവരെ ലാഭത്തിലായിട്ടില്ല. മാർച്ചിൽ ഒരു ലക്ഷം ഡോളറായിരുന്ന ബേങ്ക് ബാലൻസ് അഞ്ച് മാസത്തിനിടെ 61,186 ഡോളറായി കുറഞ്ഞെന്നാണ് റിപോർട്ട്.
അതിനിടെയാണ്, കടയിലെ ജീവനക്കാരനെ കുറിച്ച് പരാതി ഉയർന്നത്. ലൂണക്ക് തയ്യാറാക്കി നൽകിയ സ്ഥാപനത്തിന്റെ ഹാജർ നയം അനുസരിച്ച് ഈ ജീവനക്കാരനെതിരെ നടപടിയെടുക്കേണ്ടതായിരുന്നു. പക്ഷേ, ലൂണക്ക് “ഓർമക്കുറവ്’ ബാധിച്ചു. ഇതോടെ, നേരത്തേയുണ്ടാക്കിയ ഹാജർ നയം ഓർമയിൽ തിരയാൻ ലൂണയോട് ആൻഡൺ ലാബ് നിർദേശിച്ചു. ആരോപണവിധേയനായ ജീവനക്കാരൻ ഇപ്പോഴും സ്ഥാപനത്തിന് അനുയോജ്യനാണോ എന്ന് വിലയിരുത്താനായിരുന്നു നിർദേശം. ഇതനുസരിച്ച്, ജീവനക്കാരന്റെ സേവനം ലൂണ വിലയിരുത്തുകയും ജോലിയിൽ നിന്ന് പിരിച്ചുവിടാൻ കന്പനിക്ക് ശിപാർശ നൽകുകയും ചെയ്തു.
അനീതിയില്ല
എ ഐ കൂടുതൽ കഴിവുള്ളതാകുമ്പോൾ ജോലിസ്ഥലങ്ങൾ എങ്ങനെ മാറുമെന്നതിന്റെ സൂചനയാണ് ഈ പരീക്ഷണം നൽകുന്നതെന്ന് ആൻഡൺ ലാബ് സി ഇ ഒ ലൂകാസ് പീറ്റേഴ്സൺ പറയുന്നു. എ ഐക്ക് വലിയ ശക്തിയുണ്ടാകും, വലിയ സാമ്പത്തിക മൂല്യം സൃഷ്ടിക്കാനും കഴിയും. എന്നാൽ, അവ ഭൗതിക തൊഴിൽശേഷിയുടെ കാര്യത്തിൽ പരിമിതപ്പെടുമെന്നാണ് കന്പനിയുടെ വിലയിരുത്തൽ. മാനേജർ മനുഷ്യനായിരുന്നെങ്കിൽ ഈ ജീവനക്കാരനെ വളരെ നേരത്തേ തന്നെ പിരിച്ചുവിടുമായിരുന്നു. അതിനാൽ, എ ഐ മാനേജരുടെ നടപടി അനീതിയാണെന്ന് കരുതുന്നില്ലെന്നും പീറ്റേഴ്സൺ കൂട്ടിച്ചേർത്തു.
Content Highlights:
An AI manager named Luna recommended firing a human employee at Andon Market in San Francisco for being late 17 times. The experiment by Andon Lab tests AI managing a business with a 100,000 dollar budget. The company CEO stated the AI action was fair and reflects future workplace shifts.



