Home rss national malayalam പുതിയ വാർത്ത ന്യൂനപക്ഷ വിദ്യാലയങ്ങളിലെ നിയമനങ്ങൾക്ക് കെ ടെറ്റ് നിർബന്ധമല്ല

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ നിയമനങ്ങൾക്ക് കെ ടെറ്റ് നിർബന്ധമല്ല

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും നിലവിൽ കെ ടെറ്റ് യോഗ്യത നിർബന്ധമല്ലെന്ന് വ്യക്തമാക്കി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സുപ്രീം കോടതിയുടെ സുപ്രധാന ഭരണഘടനാ വിധികൾ മുൻനിർത്തി കാസർകോട് കുമ്പള ഉപജില്ലയിലെ കന്നഡ ഭാഷാ ന്യൂനപക്ഷ സ്‌കൂളായ കുന്താർ എ യു പി സ്‌കൂളിലെ പ്രഥമാധ്യാപികയുടെ നിയമനത്തിന് അംഗീകാരം നൽകിക്കൊണ്ടാണ് ഉത്തരവിറക്കിയത്. സുപ്രീം കോടതി വിധികൾ കൃത്യമായി നടപ്പിലാക്കി ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് കെ ടെറ്റ് ഇളവ് അനുവദിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നേരിട്ട് പൊതു ഉത്തരവിറക്കുന്നത് ഇതാദ്യമായാണ്.

2014ലെ “പ്രമതി എജ്യുക്കേഷനൽ ആൻഡ് കൾച്ചറൽ ട്രസ്റ്റ്’ കേസിൽ വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങൾക്ക് ബാധകമല്ലെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് വ്യക്തമാക്കിയിരുന്നു. 2025ൽ അൻജുമൻ ഇശാഅത്തേ തഅ്‌ലീം ട്രസ്റ്റ് കേസിൽ പൊതുവിഭാഗം സ്‌കൂളുകൾക്ക് ടെറ്റ് നിർബന്ധമാക്കിയപ്പോഴും, ഭരണഘടനയുടെ അനുച്ഛേദം 30 (1) പ്രകാരമുള്ള ന്യൂനപക്ഷ സ്‌കൂളുകളെ ഇതിൽ നിന്നും പൂർണമായി ഒഴിവാക്കുകയും വിഷയം ഏഴംഗ വിശാല ബഞ്ചിന്റെ പരിഗണനക്ക് വിടുകയും ചെയ്തിരുന്നു. ഏഴംഗ ബഞ്ചിന്റെ അന്തിമ തീർപ്പുണ്ടാകുന്നതുവരെ ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് കെ ടെറ്റ് ബാധകമല്ലെന്ന സംരക്ഷണം നൽകിയ വിധിയിലെ നിർദേശങ്ങളും പുനഃപരിശോധനാ ഉത്തരവുകളും ചൂണ്ടിക്കാട്ടിയാണ് തീരുമാനം കൈക്കൊണ്ടത്.

കുന്താർ എ യു പി സ്‌കൂളിലെ പ്രഥമാധ്യാപികയായി നിയമിതയായ എ കെ ദാക്ഷായണിക്ക് കെ ടെറ്റ് യോഗ്യതയില്ലെന്ന കാരണത്താൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരത്തേ നിയമനാംഗീകാരം നിരസിച്ചിരുന്നു. ഇതിനെതിരെ സ്‌കൂൾ മാനേജർ നൽകിയ റിവിഷൻ ഹരജിയും ഹൈക്കോടതി ഉത്തരവും പരിഗണിച്ചാണ് സർക്കാറിന്റെ ഇടപെടൽ. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സുപ്രീം കോടതിയുടെ വിശാല ബഞ്ചിന്റെ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ കെ ടെറ്റ് യോഗ്യത നിർബന്ധമല്ലെന്നിരിക്കെ, കെ ടെറ്റ് ഇല്ലെന്ന പേരിൽ നിയമനാംഗീകാരം തടഞ്ഞുവെക്കാനാകില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കി. തുടർന്ന് വിദ്യാഭ്യാസ ഡയറക്ടറുടെ മുൻ ഉത്തരവ് റദ്ദാക്കി അധ്യാപികയുടെ നിയമനം 2025 ഏപ്രിൽ ഒന്ന് മുതൽ അംഗീകരിക്കാൻ കുമ്പള എ ഇ ഒക്ക് സർക്കാർ നിർദേശം നൽകി. നേരത്തേ പല സാഹചര്യങ്ങളിലും കെ ടെറ്റ് ഇല്ലെന്ന കാരണത്താൽ ന്യൂനപക്ഷ സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും നിരസിക്കപ്പെട്ടിരുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്.

Content Highlights:
The Kerala Education Department issued an order clarifying that KTET qualification is not mandatory for teacher appointments in minority schools. The decision follows Supreme Court rulings regarding minority rights under Article 30(1). The order granted approval for a Kumbla school headmistress.