Source :- SIRAJLIVE NEWS
പാലക്കാട് ഡിവിഷനെ വീണ്ടും വെട്ടിമുറിക്കുകയാണ് റെയിൽവേ. ഡിവിഷനില്‍ പെട്ട ഉള്ളാള്‍ മുതല്‍ മംഗളൂരു, പനമ്പൂര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മൈസൂരു ഡിവിഷനില്‍ ചേര്‍ത്തി ഉത്തരവിറക്കിയിരിക്കുന്നു ദക്ഷിണ റെയിൽവേ. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തിലാകും. പാലക്കാട് ഡിവിഷന്റെ ഹൃദയഭാഗമാണ് ഇതോടെ നഷ്ടമാകുന്നത്. ഡിവിഷന്റെ ചരക്കുകടത്ത് വരുമാനത്തിന്റെ 75 ശതമാനവും മംഗളൂരു മേഖലയില്‍ നിന്നാണ്. 1,100 കോടി രൂപയുടെ വരുമാനമാണ് ഇതോടെ പാലക്കാട് ഡിവിഷന് നഷ്ടമാകുന്നത്. 2007ല്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് സേലം ഡിവിഷന്‍ രൂപവത്കരിച്ചപ്പോള്‍ പാലക്കാടിനു കീഴിലായിരുന്ന ലാഭകരമായ പല റൂട്ടുകളും വെട്ടിമാറ്റിയിരുന്നു. അന്നത്തെ കനത്ത സാമ്പത്തിക നഷ്ടത്തില്‍ നിന്ന് ഡിവിഷനെ താങ്ങിനിര്‍ത്തിയത് മംഗലാപുരം ഡിവിഷനില്‍ നിന്നുള്ള ചരക്കുനീക്കമാണ്. ഇപ്പോള്‍ ഈ ഭാഗവും കൂടി നഷ്ടമാകുന്നതോടെ പാലക്കാട് ഒരു നഷ്ടഡിവിഷനായി മാറും. നഷ്ടത്തിന്റെ പേരില്‍ ക്രമേണ ഡിവിഷന്‍ പാടേ തഴയപ്പെടുകയും ചരിത്രത്തിന്റെ ഭാഗമാവുകയുമായിരിക്കും ഭാവിഫലം.
മലബാര്‍ മേഖലയിലെ വികസനത്തെ ഇത് സാരമായി ബാധിക്കും. പുതിയ ട്രെയിനുകള്‍ അനുവദിക്കല്‍, നിലവിലുള്ള സര്‍വീസുകള്‍ നീട്ടല്‍, സ്റ്റേഷനുകളുടെ നവീകരണം, പാതകളുടെ ശേഷി വര്‍ധിപ്പിക്കല്‍, ചരക്കുനീക്കത്തിനുള്ള സൗകര്യ വികസനം തുടങ്ങിയവയിലെല്ലാം നിര്‍ണായകമാണ് ഡിവിഷന്റെ ഭരണപരവും സാമ്പത്തികവുമായ ശേഷി. മംഗളൂരു മേഖല നഷ്ടമാകുന്നതോടെ പാലക്കാടിന് ഈ രണ്ടിന ശേഷിയും ഗണ്യമായി കുറയും. മലബാറാണ് ഇതിന്റെ ദുരിതം കൂടുതല്‍ അനുഭവിക്കേണ്ടി വരിക. മലബാറിലേക്കുള്ള പുതിയ ട്രെയിന്‍ സര്‍വീസുകള്‍ക്കും ഷൊര്‍ണൂര്‍- മംഗളുരു പാതയുടെ വികസനമടക്കമുള്ള പദ്ധതികള്‍ക്കും ഇത് തടസ്സമാകും. കൊച്ചി, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ തെക്കന്‍ മേഖലാ പ്രദേശങ്ങളെ അപേക്ഷിച്ച് മലബാറിലെ റെയില്‍വേ യാത്രാസൗകര്യം നേരത്തേ തന്നെ കുറവാണ്.
മംഗളൂരു മേഖലയെ മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നത് ഭരണഘടനാ പരമായ പുനഃസംഘനട മാത്രമാണെന്നാണ് റെയില്‍വേയുടെ വാദം. ഭൂപടത്തില്‍ മംഗലാപുരം സ്ഥിതി ചെയ്യുന്നത് കര്‍ണാടകയിലാണ്. മൈസൂരു ഡിവിഷനുമായി മംഗലാപുരത്തിനുള്ള ഭൂമിശസ്ത്രപരമായ അടുപ്പവും ഭരണപരമായ എളുപ്പവുമാണ് തീരുമാനത്തിനു പിന്നെലെന്ന് ന്യായികരിക്കാനുമാകും. എന്നാല്‍ ദേശീയ തലത്തില്‍ വ്യാപിച്ചു കിടിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനം ഇത്തരം തീരുമാനങ്ങളെടുക്കേണ്ടത് കേവലം ഭൂപടത്തിലെ അതിരുകളും ഭരണ സൗകര്യവും മാത്രം നോക്കിയാകരുത്. അതിന്റെ ആഘാതം ഏതു പ്രദേശത്തിനാണ് കൂടുതല്‍ അനുഭവപ്പെടുക, ആരുടെ വികസന ശേഷിയാണ് ഇതുമുലം കുറയുക തുടങ്ങിയ കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്.
കര്‍ണാടക സംസ്ഥാനത്തിന്റെ ഭൂപരിധിയില്‍ വരുന്നതാണ് മംഗലാപുരമെ ങ്കിലും മലബാറുകാര്‍ക്ക് ആ പ്രദേശവുമായി അഭേദ്യബന്ധമുണ്ട്. വിദ്യാഭ്യാസം, ചികിത്സ, തൊഴില്‍ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് വടക്കന്‍ കേരളക്കാരില്‍ നല്ലൊരു പങ്ക് മംഗലാപുരത്തെയാണ് ആശ്രയിക്കുന്നത്. മംഗളൂരു, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍ എന്നീ മുഖ്യ റെയല്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന റെയിൽപ്പാത കേരളത്തിന്റെ വടക്കന്‍ മേഖലയുടെയും കര്‍ണാടകയുടെ തെക്കന്‍ പ്രദേശങ്ങളുടെയും സാമ്പത്തികമായ പ്രധാന കണ്ണിയുമാണ്. മംഗലാപുരം മൈസൂരു ഡിവിഷനിലേക്ക് മാറുന്നതോടെ ഈ പാതയുടെ വികസനം പാടേ മുരടിക്കും. കേരളത്തോട് റെയില്‍വേ നിരന്തരം കാണിക്കുന്ന അവഗണനയുടെയും വിവേചനത്തിന്റെയും തുടര്‍ച്ചയായി വേണം ഇപ്പോഴത്തെ ഡിവിഷന്‍ വെട്ടിമുറിക്കലിനെയും വിലയിരുത്തണ്ടത്. സേലം ഡിവിഷന്‍ രൂപവത്കരിച്ചപ്പോള്‍ പാലക്കാട് ഡിവിഷന്റെ 550 കി.മീറ്റര്‍ റെയിൽപ്പാത നഷ്ടപ്പെട്ടു. ഇതിനു പകരമായി കേരളത്തിന് വാഗ്ദാനം ചെയ്ത നേമം/കൊച്ചി വേളി ടെര്‍മിനല്‍ വികസനവും പാലക്കാടിനുള്ള പ്രത്യേക വികസന പാക്കേജും പതിറ്റാണ്ടുകള്‍ കടന്നുപോയിട്ടും പാതിവഴിയിലാണ്. കേരളം കേന്ദ്രീകരിച്ച് ഒരു സോണ്‍ വേണമെന്ന ആവശ്യവും കേവലം മുറവിളിയായി അവശേഷിക്കുന്നു. പലാക്കാട്ടെ കഞ്ചിക്കോടിനു വാഗ്ദാനം ചെയ്ത കോച്ച് ഫാക്ടറി ഉപക്ഷിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പാത ഇരട്ടിപ്പിക്കല്‍ പ്രവര്‍ത്തനം ഇഴഞ്ഞുനീങ്ങുകയാണ്. വികസന പദ്ധതികള്‍ക്ക് വേഗത കൂട്ടാന്‍ മറ്റു സംസ്ഥാനങ്ങളില്‍ കാണിക്കുന്ന ആവേശം കേരളത്തില്‍ കാണാറില്ല. ഈ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പാലക്കാട് ഡിവിഷന്റെ പുതിയ വിഭജനം കേരളത്തിന്റെ വികസനം മന്ദീഭവിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണോ എന്നു സംശയിക്കേണ്ടതുണ്ട്.
ജനസംഖ്യയും ട്രാക്കുകളുടെ ദൈര്‍ഘ്യവും പരിഗണിച്ച് താരതമ്യം ചെയ്താല്‍ ഇന്ത്യന്‍ റെയില്‍വേക്ക് കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന സംസ്ഥാനങ്ങളല്‍ മുന്പന്തിയിലാണ് കേരളം. സാധാരണ എക്‌സ്പ്രസ്സ്, മെയില്‍ ട്രെയിനുകളില്‍ മാത്രമല്ല, വന്ദേഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളിലും രാജ്യത്ത് ഏറ്റവും കുടുതൽ യാത്രക്കാരും ഉയര്‍ന്ന വരുമാനവും ലഭിക്കുന്ന റൂട്ടുകള്‍ കേരളത്തിലാണ്. എന്നാല്‍ വികസന കാര്യത്തില്‍ കേരളം പാടേ അവഗണിക്കപ്പെടുന്നു. കേരളത്തില്‍ നിന്ന് മികച്ച വരുമാനം കൈപ്പറ്റുകയും വികസന പദ്ധതികള്‍ വരുമ്പോള്‍ റെയില്‍വേയുടെ അതിര്‍ത്തികള്‍ വെട്ടിമുറിച്ച് മറ്റു സംസ്ഥാനങ്ങള്‍ക്ക് പങ്ക് വെച്ചുകൊടുക്കുകയും ചെയ്യുന്ന സമീപനം കടുത്ത നന്ദികേടും ഫെഡറല്‍ വ്യവസ്ഥയുടെ ലംഘനവുമാണ്. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തില്‍ ഓരോ സംസ്ഥാനത്തിനും അര്‍ഹമായ വികസന അവകാശങ്ങളുണ്ട്. അത് വകവെച്ചു കൊടുക്കാന്‍ ഭരണഘടനാ പരമായി കേന്ദ്രം ബാധ്യസ്ഥമാണ്. റെയില്‍വേ ബോര്‍ഡിന്റെ പുതിയ തീരുമാനത്തിനെതിരെ കക്ഷിഭേദമന്യ കേരളത്തിലെ എം പിമാരും സര്‍ക്കാറും പ്രതിപക്ഷവും ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കേണ്ട
തുണ്ട്.




