Home rss national malayalam പുതിയ വാർത്ത വിഴിഞ്ഞം വികസനത്തിന്റെ സമുദ്രകവാടം

വിഴിഞ്ഞം വികസനത്തിന്റെ സമുദ്രകവാടം

5
0

Source :- SIRAJLIVE NEWS

കേരളത്തിന്റെ വികസന ചരിത്രത്തില്‍ സുപ്രധാന ചുവടുവെപ്പാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ എക്‌സിം (സമ്പൂര്‍ണ കയറ്റുമതി- ഇറക്കുമതി പ്രവര്‍ത്തനം) ഉദ്ഘാടനം. ഇതൊരു തുറമുഖ വിപുലീകരണം മാത്രമല്ല, സംസ്ഥാനത്തിന്റെ സാമ്പത്തിക മുഖച്ഛായ തന്നെ മാറ്റിക്കുറിക്കുന്ന അധ്യായമാണ്. ട്രാന്‍സ്ഷിപ്പ്‌മെന്റ്പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇതുവരെയും വിഴിഞ്ഞത്ത് നടന്നിരുന്നത്. അഥവാ യൂറോപ്പില്‍ നിന്നും ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നും ഭീമന്‍ കപ്പലുകളില്‍ എത്തുന്ന കണ്ടെയ്‌നറുകള്‍ ഇറക്കി അവ ചെറിയ കപ്പലുകളില്‍ കയറ്റി ചെന്നൈ, വിശാഖപട്ടണം തുടങ്ങിയ തുറമുഖങ്ങളിലേക്ക് അയക്കുന്ന പ്രവര്‍ത്തനം. ഇനി മുതല്‍ രാജ്യത്തെ പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ വ്യവസായികള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ലോറികളില്‍ വിഴിഞ്ഞത്തെത്തിച്ച് ഇവിടെ നിന്ന് നേരിട്ടുതന്നെ വന്‍കിട മദര്‍ഷിപ്പുകളില്‍ ലോകത്തെ ഏത് കോണിലേക്കും കയറ്റി അയക്കാനാകും.

ഉത്പാദനം, വ്യാപാരം, തൊഴില്‍, നിക്ഷേപം, സേവന മേഖല തുടങ്ങിയവയെ ഒന്നിച്ച് മുന്നോട്ടു നയിക്കാന്‍ സഹായകമായ സാമ്പത്തിക കവാടമായാണ് ഇനി വിഴിഞ്ഞത്തെ കാണേണ്ടത്. തദ്ദേശീയ ഉത്പന്നങ്ങളായ കശുവണ്ടി, കയര്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ചെമ്മീന്‍ തുടങ്ങിയവ ഇനി വിഴിഞ്ഞത്ത് നിന്ന് 28 മുതല്‍ 30 വരെ ദിവസത്തിനകം യൂറോപ്പിലെത്തിക്കാനാകും. ഇതുവരെയും 60 മുതല്‍ 80 വരെ ദിവസമെടുത്തിരുന്നു. കസ്റ്റംസ് ക്ലിയറന്‍സ്, ഷിപ്പിംഗ് ഏജന്‍സികള്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, വെയര്‍ ഹൗസിംഗ്, ഐ ടി മേഖലകളില്‍ വിഴിഞ്ഞം തുറമുഖം ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ജി എസ് ടി, കസ്റ്റംസ് വരുമാനം, മറ്റു പ്രാദേശിക നികുതികള്‍ തുടങ്ങിയവയിലൂടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്ക് മുതല്‍ക്കൂട്ടാകുകയും ചെയ്യും.

രാജ്യത്തെ മറ്റു തുറമുഖങ്ങളേക്കാന്‍ നിരവധി സവിശേഷതകളുണ്ട് വിഴിഞ്ഞത്തിന്. അന്താരാഷ്ട്ര സമുദ്രപാതയില്‍ നിന്ന് 10 നാവിക മൈല്‍ മാത്രമാണ് ദൂരം. 18 മുതല്‍ 20 വരെ മീറ്റര്‍ സ്വാഭാവിക ആഴമുള്ളതിനാല്‍ കൂറ്റന്‍ മദര്‍ഷിപ്പുകള്‍ക്ക് ഡ്രെഡ്ജിംഗ് നടത്താതെ തന്നെ തുറമുഖത്തെത്താനാകും. നിലവില്‍ പ്രതിവര്‍ഷം 10 ലക്ഷം ടണ്‍ ടി ഇ യു (ട്വന്റി ഫൂട്ട് എക്യുവലെന്റ് യൂനിറ്റ്) ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് തുറമുഖത്തിനുള്ളത്. ഈ വര്‍ഷം ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച രണ്ടാം ഘട്ട വികസനം 2028ല്‍ പൂര്‍ത്തിയാകുന്നതോടെ ഇത് 30 ലക്ഷം ടണ്ണായി ഉയരും. ബെര്‍ത്തിന്റെ നീളം വര്‍ധിക്കുന്നതോടെ ഒരേസമയം രണ്ട് കൂറ്റന്‍ മദര്‍ഷിപ്പുകള്‍ക്ക് അടുക്കാനും ചരക്കിറക്കാനും സാധിക്കുകയും ചെയ്യും. ഇതോടെ അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
അതേസമയം, വിഴിഞ്ഞത്തെ വിപുലീകരണത്തോടൊപ്പം കേരളത്തിന്റെ വികസനത്തിന് ഗതിവേഗം വര്‍ധിക്കണമെങ്കില്‍ തുറമുഖം കേന്ദ്രീകരിച്ച് സമഗ്ര സാമ്പത്തിക നയം രൂപപ്പെടുത്തേണ്ടതുണ്ട്. ആഗോള കയറ്റുമതിക്ക് സാധ്യമാകുന്ന ചരക്കുകളുടെ ഉത്പാദനം സംസ്ഥാനത്ത് വര്‍ധിക്കണം. ഈ ഉത്പന്നങ്ങള്‍ ലോകവിപണിയിലെത്തിക്കാന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ രൂപപ്പെടുത്തണം. പുറത്തുനിന്ന് വരുന്ന അസംസ്‌കൃത വസ്തുക്കള്‍ സംസ്‌കരിച്ച് കയറ്റുമതി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണം. വിഴിഞ്ഞം വികസനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച “മിഷന്‍ സമുദ്ര’ ഈ ഗണത്തില്‍ പ്രധാനമാണ്. തുറമുഖത്തേക്കും തിരിച്ചുമുള്ള ഗതാഗതം വര്‍ധിക്കുമ്പോള്‍ റോഡുകളില്‍ ഗതാഗതക്കുരുക്കും പരിസ്ഥിതി പ്രശ്‌നങ്ങളും വര്‍ധിക്കുന്നത് ഒഴിവാക്കാന്‍ സംസ്ഥാനത്തെ ചരക്കുനീക്കത്തിന്റെ 50 മുതല്‍ 60 ശതമാനം വരെ കടല്‍മാര്‍ഗമാക്കി മാറ്റുകയാണ് “മിഷന്‍ സമുദ്ര’ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കേരളത്തിലെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും മറ്റു മിനി തുറമുഖങ്ങളെയും സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിഴിഞ്ഞം പദ്ധതി പൂര്‍ണ തോതില്‍ സാക്ഷാത്കരിക്കുന്നതിലൂടെ ഇന്ത്യയുടെ തെക്കേ അറ്റത്തെ അവഗണിക്കപ്പെട്ട കൊച്ചുസംസ്ഥാനം എന്ന നില മാറി ദക്ഷിണേഷ്യയുടെ തന്നെ പ്രധാനപ്പെട്ട സമുദ്ര സാമ്പത്തിക കേന്ദ്രമായി കേരളം മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എക്‌സിം ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് കേന്ദ്ര തുറമുഖ- ഷിപ്പിംഗ് മന്ത്രിയും തിരുവനന്തപുരം മേയറും വിട്ടുനിന്നത് അനുചിതമായിപ്പോയി. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം ആലപിക്കാത്തതിലും പി എം ശ്രീ പോലുള്ള കേന്ദ്ര പദ്ധതികളോട് കേരളം വിയോജിപ്പ് പ്രകടിപ്പിച്ചതിലും പ്രതിഷേധിച്ചാണ് കേന്ദ്ര മന്ത്രിയുടെ വിട്ടുനില്‍പ്പെന്നാണ് പറയപ്പെടുന്നത്. തീര്‍ത്തും രാഷ്്ട്രീയമായ വിഷയങ്ങളെ ചൊല്ലിയുള്ള മന്ത്രിയുടെ ഈ ബഹിഷ്‌കരണം ജനാധിപത്യ മര്യാദക്ക് ചേര്‍ന്നതായില്ല. വിഴിഞ്ഞം പോലെ ദേശീയ പ്രാധാന്യമുള്ള ഒരു പദ്ധതി സാക്ഷാത്കരിക്കപ്പെടുമ്പോള്‍ അതേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം പരിപാടിയായി കാണാവുന്നതല്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും സംയുക്ത പങ്കാളിത്തത്തോടെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടപ്പാക്കുന്ന പദ്ധതിയെ അതേ നിലയില്‍ കാണാനുള്ള വിശാല മനസ്‌കതയാണ് ഉത്തരവാദപ്പെട്ട മന്ത്രിമാര്‍ പ്രകടിപ്പിക്കേണ്ടത്.
ഇത്തരം ഘട്ടങ്ങളില്‍ ജനപ്രതിനിധികള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. നേട്ടങ്ങള്‍ നാടിന്റേതാണ്, രാജ്യത്തിന്റേതാണ്. വ്യക്തിഗതമോ രാഷ്ട്രീയമോ ആയ വിയോജിപ്പുകള്‍ കാരണം വികസന ചടങ്ങുകളില്‍ നിന്ന് മാറിനില്‍ക്കുന്നത്, ഭരണഘടന നല്‍കുന്ന പദവിയോടും നികുതിദായകരോടും കാണിക്കുന്ന അനാദരവാണ്. വിയോജിപ്പുകളും പ്രതിഷേധം രേഖപ്പെടുത്താന്‍ രാഷ്ട്രീയ വേദികളും പാര്‍ലിമെന്റിന്റെ ഇരുസഭകളും നിലനില്‍ക്കെ വികസന പദ്ധതികളുടെ വേദികളെ അതിനായി ഉപയോഗപ്പെടുത്തുന്നത് തെറ്റായ കീഴ്്വഴക്കം സൃഷ്ടിക്കും. പൊതുതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഇത്തരം വേദികളില്‍ ഒന്നിച്ചു നില്‍ക്കുകയാണ് ജനപ്രതിനിധികള്‍ വേണ്ടത്.