Source :- SIRAJLIVE NEWS
പാലക്കാട് | സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടില്‍ ജിജോ മോഹന്‍ (42) ആണ് മരിച്ചത്. ഡെങ്കി ബാധിച്ച് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഒരാഴ്ചക്കിടെ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചുള്ള മൂന്നാമത്തെ മരണമാണിത്. കഴിഞ്ഞ ദിവസം കരിമ്പുഴയില്‍ തന്നെ 62 കാരി ഡെങ്കിപ്പനി കാരണം മരണപ്പെട്ടിരുന്നു. ജൂണ്‍ 13ന് പട്ടാമ്പി സ്വദേശിനിയായ 73കാരിയും അസുഖം ബാധിച്ച് മരിച്ചു. കഴിഞ്ഞ മാസം ഡെങ്കിപ്പനി ബാധിച്ച് രണ്ടുപേര്‍ മരിച്ചിരുന്നു.
എന്താണ് ഡെങ്കിപ്പനി
ഡെങ്കിപ്പനി (Dengue fever) എന്നത് ഈഡിസ് (Aedes aegypti) ഇനത്തില്‍പ്പെട്ട കൊതുകുകളുടെ കടിയിലൂടെ മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറല്‍ അണുബാധയാണ്. ഡെങ്കി വൈറസ് (DENV) ബാധിച്ച കൊതുക് കടിക്കുമ്പോള്‍ ഈ രോഗം പടരുന്നു. ഇത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരുന്ന ഒരു രോഗമല്ല. കേരളത്തില്‍ പ്രത്യേകിച്ച് പാലക്കാട് പോലുള്ള സമീപ ജില്ലകളില്‍ പനി വ്യാപകമായി റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
പ്രധാന ലക്ഷണങ്ങള്‍
ഉയര്‍ന്ന പനി, കടുത്ത തലവേദന, സന്ധിവേദന, ഛര്‍ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കൊതുക് കടിയേറ്റ് സാധാരണയായി നാല് മുതല്‍ 10 ദിവസങ്ങള്‍ക്കുള്ളില്‍ പ്രകടമാകുന്നു. ഉയര്‍ന്ന പനി (104°F അഥവാ 40°C വരെ), കഠിനമായ തലവേദന, കണ്ണുകള്‍ക്ക് പിന്നിലെ വേദന, പേശികളിലും സന്ധികളിലും കടുത്ത വേദന, ഛര്‍ദി, വയറുവേദന, തൊലിപ്പുറത്ത് ചുവന്ന തിണര്‍പ്പുകള്‍ എന്നിവയുണ്ടാകും.
പ്രതിരോധ മാര്‍ഗങ്ങള്‍
വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരിക്കുക. കൊതുകുകള്‍ പെരുകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
Content Highlights:
A Palakkad native has tragically passed away due to dengue fever in Kerala. The incident has raised serious public health concerns and safety alerts across the state. Authorities are urging residents to take necessary precautions against mosquito-borne diseases.







