Home rss national malayalam പുതിയ വാർത്ത സാങ്കേതികവിദ്യയുടെയും നിര്‍ണായക ധാതുക്കളുടെയും ആയുധവത്ക്കരണം; ‘ബ്രിക്‌സി’ല്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

സാങ്കേതികവിദ്യയുടെയും നിര്‍ണായക ധാതുക്കളുടെയും ആയുധവത്ക്കരണം; ‘ബ്രിക്‌സി’ല്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

4
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | സാങ്കേതികവിദ്യയെയും നിര്‍ണായക ധാതുക്കളെയും ആയുധവത്ക്കരിക്കുന്നതില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍, ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആഗോള വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഗ്ലോബല്‍ സൗത്ത്’ (വികസ്വര-അവികസിത രാജ്യങ്ങള്‍) മേഖലയിലെ രാജ്യങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ വികസിപ്പിക്കാന്‍ കൂട്ടായ്മക്കുള്ളില്‍ കൂടുതല്‍ സഹകരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.

‘സാങ്കേതികവിദ്യയുടെയും നിര്‍ണായക ധാതുക്കളുടെയും ആയുധവത്ക്കരണം നമ്മുടെ കൂട്ടായ പുരോഗതിക്ക് തടസ്സമായേക്കാം. അതിനാല്‍, സാങ്കേതികവിദ്യ സ്വീകരിക്കുന്നതില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനത്തിനാണ് ഊന്നല്‍ നല്‍കുന്നത്.’- പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടിയുടെ ‘ഔട്ട്റീച്ച്’ സെഷനില്‍ (വിപുലീകരിച്ച ചര്‍ച്ചാ സമ്മേളനം) നടത്തിയ പ്രസംഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. അപൂര്‍വ ധാതുക്കളുടെയും അത്യാധുനിക സാങ്കേതിക ഉപകരണങ്ങളുടെയും കയറ്റുമതിയില്‍ ചൈന ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സമീപകാലത്ത് ഇന്ത്യയെ ബാധിച്ചിരുന്നു.

ബ്രിക്‌സിന്റെ കരുത്ത് അതിന്റെ വൈവിധ്യത്തിലും സഹകരണത്തിലുമാണെന്ന് മോദി ഊന്നിപ്പറഞ്ഞു. ബ്രിക്‌സ് അംഗരാജ്യങ്ങള്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നുള്ളവരാണെങ്കിലും സഹകരണത്തിലൂടെ ഒന്നിച്ച് മുന്നേറാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആഗോള വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മ എന്ന നിലയില്‍, ‘ഗ്ലോബല്‍ സൗത്തി’ന്റെ (വികസ്വര-അവികസിത രാജ്യങ്ങളുടെ കൂട്ടായ്മ) ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബ്രിക്‌സ് വികസിപ്പിക്കുന്ന പരിഹാരങ്ങള്‍ അവര്‍ക്ക് അനുയോജ്യവും പ്രാപ്യവുമായ രീതിയിലാകണം.

‘ഗ്ലോബല്‍ സൗത്തി’ന്റെ ശബ്ദമായി ഇന്ത്യ സ്വയം അടയാളപ്പെടുത്തുന്ന പശ്ചാത്തലത്തില്‍, ബ്രിക്‌സ് കൂട്ടായ്മയില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കപ്പെടുകയും മാനിക്കപ്പെടുകയും പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നതിനാല്‍ വികസ്വര രാജ്യങ്ങള്‍ക്ക് ബ്രിക്‌സിലുള്ള വിശ്വാസം വര്‍ധിച്ചതായി മോദി പറഞ്ഞു. സങ്കീര്‍ണമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാന്‍ ബ്രിക്‌സ് അംഗരാജ്യങ്ങളുടെ വര്‍ധിച്ചുവരുന്ന പ്രതിരോധശേഷി പ്രധാനമാണ്.

‘ഇന്ന് ലോകത്ത് സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ തോതിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. ‘പകര്‍ച്ചവ്യാധികള്‍, കാലാവസ്ഥാ ദുരന്തങ്ങള്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവ തെളിയിക്കുന്നത്, പരസ്പരബന്ധിതമായ ഇന്നത്തെ ലോകത്ത് ഒരു പ്രതിസന്ധിയും ഒരു പ്രദേശത്ത് മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ല എന്നാണ്. അതിനാല്‍, ബ്രിക്‌സ് കൂട്ടായ്മയ്ക്കുള്ളില്‍ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്.’

കൂട്ടായ്മക്കുള്ളില്‍ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനായി വെല്ലുവിളികള്‍ നേരത്തെ തിരിച്ചറിയാനും ഉടനടി നടപടിയെടുക്കാനും മോദി ആഹ്വാനം ചെയ്തു. ഈ സമീപനത്തിലൂടെ, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും അവയെ നേരിടുന്നതിനുമായി ഒരു ‘ബ്രിക്‌സ് സംയോജിത മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാന’ത്തിന് ധാരണയിലെത്തിയിട്ടുണ്ട്. ദുരന്തനിവാരണത്തിനായി ‘മുന്‍കൂര്‍ മുന്നറിയിപ്പ് വിവര സംയോജന മാര്‍ഗരേഖ’ തയ്യാറാക്കിയിട്ടുണ്ട്. ‘ബ്രിക്‌സ് ലോജിസ്റ്റിക്‌സ് സപ്ലൈ ചെയിന്‍ സഹകരണ ചട്ടക്കൂട്’ നമ്മുടെ വിതരണ ശൃംഖലകളെ കൂടുതല്‍ വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമാക്കാന്‍ സഹായിക്കുമെന്നും മോദി പറഞ്ഞു.

Content Highlights:
India expressed deep concern over the weaponization of technology and critical minerals at the BRICS meeting. Foreign policy experts highlighted the risks to global supply chain stability and economic growth. The nation called for transparent, fair, and reliable trade practices among all member states.