Source :- EVARTHA NEWS
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ആന്ധ്രാപ്രദേശ്–ഒഡിഷ തീരം കടന്ന അതിതീവ്ര ന്യൂനമർദം ദുർബലമാകുന്ന സാഹചര്യത്തിലും വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. ന്യൂനമർദത്തിന്റെ സ്വാധീനഫലമായി കാസർകോട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു.
ഒഡിഷയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ന്യൂനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ കൂടുതൽ ദുർബലമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഇന്നലെ മുതൽ തുടരുന്ന മഴയ്ക്ക് ഇതുവരെ ശമനമായിട്ടില്ലെങ്കിലും വൈകിട്ടോടെ മഴയുടെ തീവ്രത കുറയുമെന്നാണ് പ്രതീക്ഷ.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് യെലോ അലർട്ടിലൂടെ സൂചിപ്പിക്കുന്നത്.
രാവിലെ 10 മണിവരെ കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിന്നിരുന്നു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനുമുള്ള സാധ്യത കണക്കിലെടുത്തായിരുന്നു മുന്നറിയിപ്പ്. കണ്ണൂർ ജില്ലയിലും ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. അതേസമയം, ഈ സീസണിൽ കേരളത്തിൽ ലഭിക്കേണ്ട മഴയേക്കാൾ 27 ശതമാനം കുറവാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. 1957.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 1420.8 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ലക്ഷദ്വീപിലും 28 ശതമാനം മഴക്കുറവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിനിടെ കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ കേരള തീരത്ത് സെപ്റ്റംബർ 26 രാത്രി 11.30 വരെ 0.3 മുതൽ 1.1 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമായ ഇൻകോയ്സ് മുന്നറിയിപ്പ് നൽകി. കന്യാകുമാരി തീരത്തും 0.9 മുതൽ 1.6 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആവശ്യമായാൽ മാറിത്താമസിക്കാനും മത്സ്യബന്ധന ബോട്ടുകളും മറ്റ് യാനങ്ങളും സുരക്ഷിതമായി ഹാർബറുകളിൽ കെട്ടിയിടാനും നിർദേശം നൽകിയിട്ടുണ്ട്.


