Home rss national malayalam പുതിയ വാർത്ത കണ്ടാല്‍ പെണ്‍കുട്ടിയാണെന്ന് തോന്നുന്നില്ലെന്ന്; പ്രിയദര്‍ശിനി ബസില്‍ വിദ്യാര്‍ഥിനിക്ക് സീറോ ടിക്കറ്റ് നിഷേധവും അപമാനവും

കണ്ടാല്‍ പെണ്‍കുട്ടിയാണെന്ന് തോന്നുന്നില്ലെന്ന്; പ്രിയദര്‍ശിനി ബസില്‍ വിദ്യാര്‍ഥിനിക്ക് സീറോ ടിക്കറ്റ് നിഷേധവും അപമാനവും

2
0

Source :- SIRAJLIVE NEWS

പറവൂര്‍ | കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസില്‍ യാത്ര ചെയ്യാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ അപമാനിച്ച് സൗജന്യ യാത്ര നിഷേധിച്ചതായി പരാതി. കണ്ടാല്‍ പെണ്‍കുട്ടിയാണെന്ന് തോന്നുന്നില്ലെന്ന് ആക്ഷേപിച്ച് വിദ്യാര്‍ഥിനിക്ക് സീറോ ടിക്കറ്റ് നിഷേധിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്ത കണ്ടക്ടര്‍ക്കെതിരെ പെണ്‍കുട്ടി പറവൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് പരാതി നല്‍കി.

കൂടെയുണ്ടായിരുന്ന മറ്റ് നാല് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ യാത്രയ്ക്കുള്ള സീറോ ടിക്കറ്റ് നല്‍കിയെങ്കിലും പരാതിക്കാരിയായ പെണ്‍കുട്ടിയോട് ടിക്കറ്റെടുക്കാന്‍ നിര്‍ബന്ധിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പറവൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട പ്രിയദര്‍ശിനി ബസിലായിരുന്നു സംഭവം.

വള്ളുവള്ളിയിലേക്ക് പോകാനായി അഞ്ച് വിദ്യാര്‍ഥിനികളാണ് ബസില്‍ കയറിയത്. അടുത്തിടെ തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി തലമുടി മുണ്ഡനം ചെയതിരുന്നു പെണ്‍കുട്ടി.തങ്ങള്‍ ബസില്‍ കയറിയപ്പോള്‍ കൂടെയുണ്ടായിരുന്ന നാലുപേര്‍ക്ക് കണ്ടക്ടര്‍ സീറോ ടിക്കറ്റ് നല്‍കിയെന്നും, എന്നാല്‍ തനിക്ക് മാത്രം ടിക്കറ്റ് തരാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. താന്‍ പെണ്‍കുട്ടിയാണെന്ന് പലതവണ പറഞ്ഞിട്ടും കണ്ടക്ടര്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മറ്റ് യാത്രക്കാരെ വിളിച്ചുവരുത്തി തന്നെ ചൂണ്ടിക്കാണിച്ച് ഇവളെ കണ്ടാല്‍ പെണ്‍കുട്ടിയാണെന്ന് എങ്ങനെ മനസ്സിലാകുമെന്ന് ചോദിച്ച് പരിഹസിക്കുകയായിരുന്നു.

നീ പെണ്‍കുട്ടിയാണെന്നതിന് എന്താണ് ഉറപ്പെന്നും, വസ്ത്രം അഴിച്ചുനോക്കാന്‍ പറ്റില്ലല്ലോ, നെഞ്ചത്ത് എഴുതി ഒട്ടിച്ചുവെക്കണമെന്നുമടക്കം മോശമായ ഭാഷയിലാണ് കണ്ടക്ടര്‍ സംസാരിച്ചതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ഭയന്നുപോയ പെണ്‍കുട്ടികള്‍ ഇറങ്ങേണ്ട സ്റ്റോപ്പിന് മുന്നേതന്നെ ബസില്‍നിന്ന് ഇറങ്ങുകയായിരുന്നു.ഇതിനിടെ ബസ് വഴിയരികിലേക്ക് ചേര്‍ത്തുനിര്‍ത്തി കണ്ടക്ടര്‍ക്ക് ചീത്തവിളിക്കാന്‍ ഡ്രൈവര്‍ അവസരമൊരുക്കിയെന്നും ഇതുമൂലം റോഡില്‍ വലിയ ഗതാഗതക്കുരുക്കുണ്ടായെന്നും പെണ്‍കുട്ടി പറയുന്നു. ബസിലുണ്ടായിരുന്ന ചില യാത്രക്കാരും കണ്ടക്ടറുടെ ഭാഗം ചേര്‍ന്ന് തന്നെ അവഹേളിക്കുകയാണുണ്ടായത്. ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്. സ്ത്രീത്വത്തെ പൊതുമധ്യത്തില്‍ അപമാനിച്ച കണ്ടക്ടര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥിനി പൊലീസിനെ സമീപിച്ചിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

Content Highlights: A KSRTC bus conductor in Paravur allegedly harassed a schoolgirl and denied her a zero-ticket for free travel. The student filed a police complaint detailing verbal abuse and inappropriate comments about her appearance. Paravur police have officially launched an investigation into the incident.