Home rss national malayalam പുതിയ വാർത്ത കര്‍ണാടക എം എല്‍ എമാരില്‍ വലിയൊരു വിഭാഗം രണ്ടു വിവാഹം കഴിച്ചവരാണെന്നു മുഖ്യമന്ത്രി; പ്രതിഷേധം ശക്തം

കര്‍ണാടക എം എല്‍ എമാരില്‍ വലിയൊരു വിഭാഗം രണ്ടു വിവാഹം കഴിച്ചവരാണെന്നു മുഖ്യമന്ത്രി; പ്രതിഷേധം ശക്തം

2
0

Source :- SIRAJLIVE NEWS

ബെംഗളൂരു | കര്‍ണാടക നിയമസഭയിലെ എം എല്‍ എമാരില്‍ വലിയൊരു വിഭാഗം രണ്ടു വിവാഹം കഴിച്ചവരാണെന്ന മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രസ്താവന വിവാദമായി. വ്യാഴാഴ്ച നിയമസഭയില്‍ വരള്‍ച്ചാ സാഹചര്യത്തെക്കുറിച്ചുള്ള ചര്‍ച്ചക്കു മറുപടി പറയവെയാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം. വലിയ വികസനമുണ്ടായ തലസ്ഥാന നഗരിയിലേക്കു വരുന്നവര്‍ തിരിച്ചു പോകുന്നില്ല എന്നു സ്ഥാപിക്കാന്‍ വേണ്ടിയാണ് എം എല്‍ എമാര്‍ പോലും രണ്ടാം വിവാഹം കഴിച്ച് ഇവിടെ തങ്ങുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസ്താവന എം എല്‍ എ മാരുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്നതാണെന്നും എം എല്‍ എ മാരെ ജനങ്ങള്‍ക്കിടയില്‍ പരിഹാസ്യരാക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവും നിരവധി എം എല്‍ എ മാരും രംഗത്തുവന്നു.

ബെംഗളൂരുവില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് കുറഞ്ഞത് ഒരു ഡസന്‍ നിയമസഭാംഗങ്ങളെങ്കിലും രണ്ട് വിവാഹങ്ങള്‍ കഴിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശനം. വര്‍ധിച്ചുവരുന്ന നഗരവല്‍ക്കരണം മൂലം ബെംഗളൂരുവിനു മേലുള്ള സമ്മര്‍ദ്ദങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദമാക്കി. കെമ്പഗൗഡ ബംഗളൂരു നിര്‍മ്മിച്ചു, കെംഗല്‍ ഹനുമന്തയ്യ വിധാന്‍ സൗധ നിര്‍മ്മിച്ചു, എസ് എം കൃഷ്ണ ബെംഗളൂരുവിനെ അന്താരാഷ്ട്ര നഗരമാക്കി. ഇപ്പോള്‍ നഗരത്തില്‍ വരുന്നവന്‍ പോകുന്നില്ലെന്നു ശിവകുമാര്‍ പറഞ്ഞു.

ഇവിടെ വരുന്ന നിങ്ങള്‍ (എം എല്‍ എമാര്‍) പോലും പോകാറില്ല. നഗരത്തില്‍ വരുന്നവരെല്ലാം രണ്ട് വിവാഹങ്ങള്‍ കഴിക്കുന്നവരാണ്. അങ്ങനെ ഒരു ഡസനോളം പേരുണ്ട്. ലിസ്റ്റ് ഞാന്‍ നിങ്ങള്‍ക്ക് തരാം- മുഖ്യമന്ത്രി പറഞ്ഞു. ധാര്‍വാഡ്, ദക്ഷിണ കന്നഡ ജില്ലകളില്‍ നിന്നുള്ളവരെക്കുറിച്ച് എനിക്ക് സംസാരിക്കാനാവുമെന്നും പക്ഷേ അതിലേക്ക് ഇപ്പോള്‍ കടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബെംഗളൂരുവിലേക്ക് വരുന്ന അഭിഭാഷകര്‍ പോലും അവരുടെ ജന്മദേശങ്ങളിലേക്ക് മടങ്ങിപ്പോകാറില്ലെന്നും അതുകൊണ്ടാണ് നഗരത്തിലെ ജനസംഖ്യ ഇങ്ങനെയായതെന്നും നഗര ജനസംഖ്യ 33% ല്‍ നിന്ന് 47% ആയി വര്‍ധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാംഗങ്ങള്‍ രണ്ടുതവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന ശിവകുമാറിന്റെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായി. മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയപ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും നിയമസഭയില്‍ അത്തരമൊരു പ്രസ്താവന നടത്തുന്നത് അന്തസ്സല്ലെന്നും മുതിര്‍ന്ന ബി ജെ പി എം എല്‍ എ എസ് സുരേഷ് കുമാര്‍ പറഞ്ഞു.

താന്‍ നിയമസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ ഉടന്‍ പ്രതികരിക്കുമായിരുന്നുവെന്നും ശിവകുമാറിന്റെ പ്രസ്താവന പൗരന്മാര്‍ക്കിടയില്‍ സംശയങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കാന്‍ മുഖ്യമന്ത്രിക്കു കഴിയില്ലെങ്കിലും എം എല്‍ എമാര്‍ മിക്കവരും രണ്ട് വിവാഹങ്ങള്‍ കഴിച്ച് രണ്ട് കുടുംബങ്ങള്‍ പരിപാലിക്കുന്നവരാണെന്ന പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ആ നിയമസഭാംഗങ്ങളുടെ പേരുകള്‍ വെളിപ്പെടുത്താനെങ്കിലും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വിവാഹങ്ങള്‍ കഴിച്ച എം എല്‍ എ മാരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് ആര്‍ അശോക മുഖ്യമന്ത്രി ശിവകുമാറിനോട് ആവശ്യപ്പെട്ടു. ഇതൊരു അനാവശ്യ പ്രസ്താവനയായിരുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ എല്ലാ നിയമസഭാംഗങ്ങളെയും വെറുപ്പോടെ നോക്കാനോ പരിഹസിക്കാനോ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍, സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ബെംഗളൂരുവിലെത്തിയ ഓരോ എം എല്‍ എയുടെയും മേല്‍ സംശയത്തിന്റെ ഒരു വാള്‍ തൂങ്ങിക്കിടക്കുന്നതായും ശിവകുമാറിന്റെ പ്രസ്താവന ബെംഗളൂരുവില്‍ നിന്നുള്ളവരല്ലാത്ത നിയമസഭാംഗങ്ങള്‍ക്കെല്ലാം ബാധകമാണെന്നും പറഞ്ഞ അദ്ദേഹം താന്‍ ജനിച്ചതും വളര്‍ന്നതും ബെംഗളൂരുവിലാണെന്നും വ്യക്തമാക്കി.

Content Highlights:
Karnataka Deputy Chief Minister DK Shivakumar sparked controversy by stating that nearly a dozen MLAs married twice to settle in Bengaluru. Opposition leaders like R Ashoka and S Suresh Kumar strongly condemned the remark, claiming it degrades MLAs’ self-respect and demanding he release the list.