Source :- SIRAJLIVE NEWS
ദുബൈ | ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടക്കുന്ന ജനപ്രിയ കായികമേളയായ ‘ദുബൈ റൈഡി’ല് ഇത്തവണ പുതുമയാര്ന്ന മത്സരവുമായി സംഘാടകര്. പങ്കാളികള്ക്കായി ആദ്യമായി ഏര്പ്പെടുത്തിയ ‘ഡ്രസ് യുവര് റൈഡ്’ മത്സരത്തിലെ നാല് വിഭാഗങ്ങളിലെ വിജയികള്ക്ക് 10,000 ദിര്ഹം വീതം സമ്മാനത്തുക ലഭിക്കും. മികച്ച സൈക്കിള്, ഏറ്റവും ക്രിയാത്മകമായ തീം, മികച്ച ഫാമിലി വേഷവിധാനം, മികച്ച ഗ്രൂപ്പ് വേഷവിധാനം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള് നല്കുന്നത്.
മത്സരത്തില് പങ്കെടുക്കാന് ആഗ്രഹിക്കുന്നവര്ക്ക് തങ്ങളുടെ സൈക്കിളുകള് ആകര്ഷകമായി അലങ്കരിക്കുകയോ, പ്രത്യേക വേഷവിധാനങ്ങള് അണിയുകയോ, അല്ലെങ്കില് രണ്ടും ഒരുമിച്ച് ചെയ്യുകയോ ചെയ്യാം. റൈഡ് നടക്കുന്ന ദിവസം ഔദ്യോഗിക ഫോട്ടോഗ്രാഫര്മാര്ക്ക് മുന്നില് ചിത്രങ്ങള്ക്കായി പോസ് ചെയ്ത് മത്സരത്തിന്റെ ഭാഗമാകാം.
ഡി പി വേള്ഡ് അവതരിപ്പിക്കുന്ന ദുബൈ റൈഡിന്റെ ആറാമത് പതിപ്പാണ് നവംബര് ഒന്നിന് ഞായറാഴ്ച അരങ്ങേറുന്നത്. ഇതോടെ ദുബൈയിലെ പ്രധാന പാതയായ ശൈഖ് സായിദ് റോഡ് സൈക്ലിംഗ് ട്രാക്കായി മാറും. മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്, ദുബൈ വാട്ടര് കനാല്, ബുര്ജ് ഖലീഫ, ദുബൈ ഓപ്പറ തുടങ്ങിയ പ്രധാന ലാന്ഡ്മാര്ക്കുകളിലൂടെ ആയിരക്കണക്കിന് സൈക്കിള് യാത്രികര് അണിനിരക്കും. കഴിഞ്ഞ വര്ഷം നാല്പ്പതിനായിരത്തിലേറെ പേരാണ് ഈ പരിപാടിയില് പങ്കെടുത്തത്.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന് ബിന് മുഹമ്മദ് ബിന് റാശിദ് അല് മക്തൂം 2017-ല് തുടക്കം കുറിച്ച ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ പത്താമത് പതിപ്പിന്റെ ഉദ്ഘാടന പരിപാടിയായാണ് ദുബൈ റൈഡ് സംഘടിപ്പിക്കുന്നത്. ഒക്ടോബര് 31 മുതല് നവംബര് 29 വരെയാണ് മുപ്പത് ദിവസത്തെ ഫിറ്റ്നസ് ചലഞ്ച് നടക്കുക.
പരിപാടിയില് സൗജന്യമായി പങ്കെടുക്കാമെങ്കിലും സുരക്ഷ മുന്നിര്ത്തി മുന്കൂട്ടിയുള്ള ഓണ്ലൈന് രജിസ്ട്രേഷന് നിര്ബന്ധമാണ്. താത്പര്യമുള്ളവര്ക്ക് dubaifitnesschallenge.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്റ്റര് ചെയ്യാം. രജിസ്ട്രേഷന് പൂര്ത്തിയാക്കിയവര് ഒക്ടോബര് 28 മുതല് 31 വരെയുള്ള തീയതികളില് സബീല് പാര്ക്കിലെ ദുബൈ മുനിസിപ്പാലിറ്റി 30ഃ30 ഫിറ്റ്നസ് വില്ലേജിലെത്തി ബിബ് നമ്പറും ടി-ഷര്ട്ടും കൈപ്പറ്റേണ്ടതാണ്.
Content Highlights: The Dubai Fitness Challenge has announced an exciting new Dress Your Ride competition for participants in the upcoming Dubai Ride. Cyclists can win 10,000 AED across four categories by showcasing creative bike decorations and costumes. The major community cycling event transforms Sheikh Zayed Road into a massive track.



