Source :- SIRAJLIVE NEWS
ന്യൂഡല്ഹി | രാജ്യത്ത് 137 കാന്സര് മരുന്നുകള്ക്ക് വില കുറയും. കേന്ദ്ര സര്ക്കാരിന്റെ നാഷണല് ഫാര്മസ്യൂട്ടിക്കല് പ്രൈസിങ് അതോറിറ്റി (NPPA) ഈ മരുന്നുകളുടെ ട്രേഡ് മാര്ജിന് 30 ശതമാനമായി നിജപ്പെടുത്തിയതോടെയാണിത്. ഇതുവഴി ഇവയുടെ പരമാവധി ചില്ലറ വിലയില് (MRP) 70 ശതമാനം വരെ കുറവുണ്ടാകും. പുതുക്കിയ വില 2026 നവംബര് ഒമ്പത് മുതല് പ്രാബല്യത്തില് വരും.
പെംബ്രോലിസുമാബ് (pembrolizumab), റിബോസിക്ലിബ് (ribociclib), അബെമാസിക്ലിബ് (abemaciclib) തുടങ്ങിയ പേറ്റന്റ് ഉള്ള മരുന്നുകള് ഉള്പ്പെടെയാണ് വില കുറയുക. സ്റ്റോക്കിസ്റ്റുകള്ക്കോ ആശുപത്രികള്ക്കോ നേരിട്ട് വില്ക്കുമ്പോള്, ആദ്യ വില്പന ഘട്ടത്തിലെ വിലയുടെ 30 ശതമാനത്തില് കൂടുതല് മാര്ജിന് ഈടാക്കാന് പാടില്ലെന്നാണ് പുതിയ ഉത്തരവ്. ഈ മരുന്നുകളുടെ നിര്മാതാക്കള് പുതുക്കിയ പരമാവധി ചില്ലറ വില്പന വില ഏഴ് ദിവസത്തിനുള്ളില് എന് പി പി എക്ക് സമര്പ്പിക്കണമെന്ന് നിര്ദേശിച്ചിട്ടുണ്ട്.
ഡയറക്ടര് ജനറല് ഓഫ് ഹെല്ത്ത് സര്വീസസിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് പുതിയ പട്ടിക തയ്യാറാക്കിയത്. ക്യാന്സര് രോഗികളുടെ ചികിത്സക്ക് അത്യന്താപേക്ഷിതമായ മരുന്നുകള് സാധാരണക്കാര്ക്ക് താങ്ങാനാവുന്ന വിലയില് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്നും എന് പി പി എ വ്യക്തമാക്കി.
എന് പി പി എയുടെ സമീപകാല യോഗത്തില് വിപണി വിവരങ്ങള് വിശകലനം ചെയ്തപ്പോള്, വില നിയന്ത്രണ പരിധിയില് വരാത്ത (non-scheduled) കാന്സര് മരുന്നുകളില് ശരാശരി 170 ശതമാനത്തോളം വ്യാപാര മാര്ജിന് ഈടാക്കുന്നതായി കണ്ടെത്തി. ചില മരുന്നുകളില് ഇത് 700 ശതമാനം വരെയാണ്. നിലവില്, ക്യാന്സര് മരുന്നുകളുടെ വാര്ഷിക വിറ്റുവരവ് ഏകദേശം 12,500 കോടി രൂപയാണ്. ഇതില്, വില നിയന്ത്രണത്തിന് വിധേയമായ മരുന്നുകളുടെ വിറ്റുവരവ് ഏകദേശം 2,250 കോടി രൂപ മാത്രമാണ്. വില നിയന്ത്രണ പരിധിയില് വരാത്ത മരുന്നുകളിലെ ഈ ഉയര്ന്ന മാര്ജിനുകള് കുറക്കുന്നതിലൂടെ, അവയുടെ ചില്ലറ വിലയില് 20 മുതല് 70 ശതമാനം വരെ കുറവുണ്ടാകുമെന്ന് എന് പി പി എ യോഗത്തില് വിദഗ്ധര് വിലയിരുത്തി. ഇതുവഴി ഏകദേശം 2,500 കോടി രൂപയുടെ വാര്ഷിക ലാഭം ഉപഭോക്താക്കള്ക്ക് ലഭിക്കും. 2019-ല് സമാനമായ നടപടി സ്വീകരിച്ചപ്പോള് ചില്ലറ വിലയില് 91 ശതമാനം വരെ ഗണ്യമായ കുറവുണ്ടാവുകയും, ഏകദേശം 984 കോടി രൂപയുടെ വാര്ഷിക ലാഭം ലഭിക്കുകയും ചെയ്തിരുന്നുവെന്ന് യോഗത്തിന്റെ മിനുട്സില് രേഖപ്പെടുത്തി.
നിര്മാതാക്കള് പുതുതായി നിശ്ചയിക്കുന്ന ചില്ലറ വിലയുടെ മുകളില് അധികമായി ജി എസ് ടി ബാധകമായിരിക്കും. അമിതമായ വിലക്കയറ്റം തടയുന്നതിനൊപ്പം ന്യായമായ വ്യാപാര ലാഭവിഹിതം (trade margin) നിലനിര്ത്തുന്നതിനായി, ജി എസ് ടി ഒഴികെയുള്ള ചില്ലറ വിലയുടെ 30 ശതമാനമായി വ്യാപാര ലാഭവിഹിതം പരിമിതപ്പെടുത്തേണ്ടത് ആവശ്യമാണെന്നും അതോറിറ്റി വിലയിരുത്തി.
Content Highlights: India will see price reductions on 137 key anti-cancer drugs starting November 9. The National Pharmaceutical Pricing Authority capped trade margins to lower retail costs by up to 70 percent. This measure aims to make critical oncology treatments significantly more affordable for patients nationwide.



