Source :- SIRAJLIVE NEWS
ഇസ്ലാമിൽ അറിവിനും അറിവുള്ളവർക്കും കൽപ്പിച്ചു നൽകിയിട്ടുള്ള സ്ഥാനം സമാനതകളില്ലാത്തതാണ്. കേവലമൊരു പദവിയെന്നതിനപ്പുറം വലിയൊരു ഉത്തരവാദിത്വത്തിന്റെ പേരാണ് പാണ്ഡിത്യം. പ്രവാചകന്മാരുടെ ദൗത്യം ഭൂമിയിൽ നിലനിർത്താൻ നിയോഗിക്കപ്പെട്ടവരത്രെ പണ്ഡിതർ. അതുകൊണ്ടുതന്നെയാണ് തിരുനബി (സ) അവരെ “നബിമാരുടെ അനന്തരാവകാശികൾ’ എന്ന് വിശേഷിപ്പിച്ചത്. പ്രവാചകന്മാർ അനന്തരമായി വിട്ടേച്ചുപോയത് ദീനാറോ ദിർഹമോ അല്ലല്ലോ, മറിച്ച് വിജ്ഞാനമാണ്. ആ പൈതൃകം നെഞ്ചേറ്റുന്നവർക്ക് മതം കൽപ്പിച്ചു നൽകുന്ന ആദരവും, അവർ നടന്നുതീർക്കേണ്ട ജാഗ്രതയുടെ വഴികളും ഏറെ ഗൗരവമുള്ളതാണ്.
വിശുദ്ധ ഖുർആനിലെ നിരവധി സൂക്തങ്ങൾ ജ്ഞാനികളുടെ മഹത്വത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. വിശ്വാസികളെയും അറിവ് നൽകപ്പെട്ടവരെയും അല്ലാഹു ഉന്നത പദവികളിലേക്ക് ഉയർത്തുമെന്ന് സൂറ അൽ മുജാദലയിലെ പതിനൊന്നാം സൂക്തം പ്രഖ്യാപിക്കുന്നു. പണ്ഡിതർ സാധാരണ വിശ്വാസികളേക്കാൾ എഴുനൂറ് പദവി മുകളിലാണെന്നും ഓരോ പദവികൾക്കിടയിലും നൂറ് പദവികളുടെ അന്തരമുണ്ടെന്നുമാണ് ഇബ്നു അബ്ബാസ് (റ) ഇതിനെ വിശദീകരിക്കുന്നത്. അല്ലാഹുവിനും മലക്കുകൾക്കുമൊപ്പം പണ്ഡിതന്മാരെയും ചേർത്തു പറഞ്ഞ് സൂറ ആലു ഇംറാനിലും ഖുർആൻ അവരെ ബഹുമാനിക്കുന്നു.
കാര്യങ്ങളെ ധിഷണാബോധത്തോടെ സമീപിക്കുന്ന പണ്ഡിതഗുണത്തെ സൂറ അസ്സുമർ ശ്ലാഘിക്കുമ്പോൾ, ബോധ്യമില്ലാത്ത കാര്യങ്ങളെക്കുറിച്ച് അറിവാളരോട് ചോദിച്ചറിയണമെന്ന സൂറത്തുന്നഹ്‌ലിന്റെ ഉപദേശം പണ്ഡിതരുടെ അനിവാര്യതയെ വ്യക്തമാക്കുന്നു. അല്ലാഹുവിന്റെ അടിമകളിൽ അവനെ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ജ്ഞാനികളാണെന്ന് സൂറ ഫാത്വിറും വെളിപ്പെടുത്തുന്നു. “അല്ലാഹുവിങ്കൽ അടിമകൾക്കിടയിൽ ഏറ്റവും മുന്തിയ സ്ഥാനമുള്ളത് നബിമാർക്കും പണ്ഡിതർക്കുമാണ് ‘ എന്ന സ്വുഫ് യാനുബ്നു ഉയൈനയുടെ വാക്ക് ഓർമയിലുണ്ടല്ലോ. അറിവ് തേടുന്നവന്റെ പാതകൾ അല്ലാഹു സ്വർഗത്തിലേക്ക് എളുപ്പമാക്കിക്കൊടുക്കുന്നു. അവർക്കുവേണ്ടി മാലാഖമാർ ചിറകുകൾ വിടർത്തി സുരക്ഷയൊരുക്കുന്നു.
ആകാശഭൂമികളിലുള്ള സർവ ചരാചരങ്ങളും, സമുദ്രാന്തർഭാഗത്തെ മത്സ്യങ്ങൾ പോലും അവനുവേണ്ടി പൊറുക്കലിനെ തേടുന്നു. പതിനാലാം രാവിലെ ചന്ദ്രന് നക്ഷത്രങ്ങളേക്കാളുള്ള ശ്രേഷ്ഠതയാണ് സാധാരണ ഭക്തനേക്കാൾ ഒരു പണ്ഡിതന് ഇസ്‌ലാം കൽപ്പിക്കുന്നത്.
കൂട്ടുകാരേ.., ഇത്രയേറെ മാഹാത്മ്യങ്ങളുള്ള ഈ പദവി കേവലമൊരു അലങ്കാരമല്ല; കനത്ത ജാഗ്രത ആവശ്യപ്പെടുന്ന ഒന്നാണിത്. പ്രവാചകന്മാരുടെ പ്രതിപുരുഷന്മാരാകാൻ ദുർഘടം പിടിച്ച പാതകൾ താണ്ടേണ്ടതുണ്ട്.
നേടുന്ന അറിവ് ആത്മാവറിയണം, അത് പ്രവൃത്തിയിൽ തെളിഞ്ഞു കത്തണം. തിന്മകളിൽ നിന്ന് അകന്നുനിൽക്കുക മാത്രമല്ല, സമൂഹത്തിലെ ജീർണതകളെ പോസിറ്റീവായി തിരുത്താൻ അവർ മുന്നിലുണ്ടാകണം. മതവിരുദ്ധ ആശയങ്ങളെ വേരോടെ പിഴുതെറിയണം. ജനം തെറ്റിപ്പോകാനിടയുള്ള എല്ലാ പഴുതുകളും അടച്ച് അവർക്ക് യഥാർഥ സുരക്ഷയൊരുക്കണം. ഭൗതിക പ്രമത്തതയോ ഇല്ലായ്മകൾ പറഞ്ഞു നടക്കലോ പണ്ഡിതന് ഭൂഷണമല്ല. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ കഴിയണം.
വൈജ്ഞാനിക രംഗത്ത് കാപട്യം കലർത്തുന്നത് കൊടും ചതിയാണ്. പ്രകടനപരതക്കോ, സ്ഥാനമോഹങ്ങൾക്കോ, ഭൗതിക നേട്ടങ്ങൾക്കോ വേണ്ടിയാകരുത് അറിവ്. മതനിയമങ്ങളെ ഭൗതിക ലാഭത്തിനായി വളച്ചൊടിക്കുന്നത് കൊടും വഞ്ചനയാണ്. ഇതിനെതിരെ ശക്തമായ താക്കീതാണ് ഹദീസുകളിലുള്ളത്. തിർമുദി രേഖപ്പെടുത്തിയ ഒരു തിരുവചനത്തിൽ ഇങ്ങനെ കാണാം: “ആരെങ്കിലും വിഡ്ഢികളോട് തർക്കിക്കാനോ, പണ്ഡിതന്മാരുടെ ഇടയിൽ അഹങ്കരിക്കാനോ, അല്ലെങ്കിൽ ആളുകളുടെ ശ്രദ്ധ തന്നിലേക്ക് തിരിക്കാനോ വേണ്ടി വിജ്ഞാനം അന്വേഷിച്ചാൽ, അല്ലാഹു അവനെ നരകത്തിൽ പ്രവേശിപ്പിക്കുന്നതാണ്.’
ലക്ഷ്യം എന്നും ദൈവിക പ്രീതി മാത്രമായിരിക്കണം. “ആരെങ്കിലും അല്ലാഹുവല്ലാത്തവർക്കു വേണ്ടി അറിവ് നേടുകയോ, അതുകൊണ്ട് അല്ലാഹുവിന്റെ പ്രീതിയല്ലാത്ത മറ്റെന്തെങ്കിലും ലക്ഷ്യമാക്കുകയോ ചെയ്താൽ, അവൻ തന്റെ ഇരിപ്പിടം നരകത്തിൽ ഒരുക്കിക്കൊള്ളട്ടെ’ എന്ന തിരുവചനവും ഗൗരവത്തിൽ ഉൾക്കൊള്ളേണ്ടതുണ്ട്. ഭൗതിക താത്പര്യങ്ങൾ മാത്രം ലക്ഷ്യമാക്കി അറിവ് നേടുന്നവർ ഉയിർത്തെഴുന്നേൽപ്പ് നാളിൽ സ്വർഗത്തിന്റെ സുഗന്ധം പോലും ആസ്വദിക്കുകയില്ലെന്ന് അബൂദാവൂദും താക്കീത് നൽകുന്നു.
അന്ത്യനാളിൽ ആദ്യമായി വിധി കൽപ്പിക്കപ്പെടുന്ന മൂന്ന് വിഭാഗങ്ങളിൽ ഒന്ന് അറിവ് നേടിയിട്ടും അതിൽ കാപട്യം കാണിച്ചവരാണ് എന്നത് നെഞ്ച് പൊള്ളിക്കുന്ന ഒരു യാഥാർഥ്യമാണ്. വിദ്യ അഭ്യസിക്കുകയും അത് മറ്റുള്ളവർക്ക് പഠിപ്പിക്കുകയും ഖുർആൻ പാരായണം ചെയ്യുകയും ചെയ്ത ഒരാളെ അല്ലാഹുവിന്റെ മുന്നിൽ കൊണ്ടുവരുമ്പോൾ, അവൻ പറയും: “ഞാൻ നിനക്കുവേണ്ടി വിദ്യ പഠിക്കുകയും അത് മറ്റുള്ളവരെ പഠിപ്പിക്കുകയും ഖുർആൻ പാരായണം ചെയ്യുകയും ചെയ്തു.’ എന്നാൽ അല്ലാഹു പറയും: “നീ കള്ളം പറയുകയാണ്. ആളുകൾ നിന്നെ “പണ്ഡിതൻ’ എന്നും “ഖാരിഅ്’ എന്നും വിളിക്കാൻ വേണ്ടിയാണ് നീ അത് ചെയ്തത്. അത് ജനങ്ങൾ ദുനിയാവിൽ വെച്ച് പറഞ്ഞു കഴിഞ്ഞു.’ ഒടുവിൽ അവനെ മുഖംകുത്തി വലിച്ചിഴച്ച് നരകത്തിലേക്ക് എറിയപ്പെടുമെന്ന് മുസ്‌ലിം, നസാഈ എന്നീ ഹദീസ് ഗ്രന്ഥങ്ങൾ വ്യക്തമാക്കുന്നു.
തോന്നിയതുപോലെ ജീവിക്കാനുള്ള ലൈസൻസല്ല അറിവ്. അറിവ് നമ്മിൽ പ്രവർത്തിക്കുന്നു എന്നതിന്റെ ലക്ഷണം വിനയമാണ്. നിർമലമായ മനസ്സും സൗരഭ്യമുള്ള വചസ്സും സാർഥകമായ ആയുസ്സും കൊണ്ട് തേജോമയമായ ജീവിതം നയിക്കാൻ പണ്ഡിതന് സാധിക്കണം. അല്ലാത്തപക്ഷം, അത് മറ്റുള്ളവരുടെ നന്മയെക്കൂടിയാണ് തടയുന്നത്. ദാവൂദ് നബി (അ) യോട് അല്ലാഹു നൽകിയ ദിവ്യസന്ദേശം ഇങ്ങനെയായിരുന്നു: “എനിക്കും നിനക്കുമിടയിൽ ദുനിയാവിൽ പരീക്ഷണങ്ങൾക്ക് ഇരയായ (ഭൗതിക താത്്പര്യങ്ങളിൽ വീണുപോയ) ഒരു പണ്ഡിതനെ നീ മധ്യവർത്തിയാക്കരുത്.
കാരണം, അവൻ തന്റെ ഭൗതികഭ്രമമാകുന്ന ലഹരിയിൽ നിന്നെ എന്റെ സ്നേഹത്തിൽ നിന്ന് തടഞ്ഞുകളയും. അങ്ങനെയുള്ളവർ എന്റെ ദാസന്മാരുടെ വഴിമുടക്കുന്ന കൊള്ളക്കാരാണ്.’
യഥാർഥ അറിവ് മനുഷ്യനെ കൂടുതൽ വിനയാന്വിതനും ദൈവഭയമുള്ളവനുമാക്കുന്നു. ഭൗതിക നേട്ടങ്ങൾക്ക് വേണ്ടി ദീനിനെ വിൽപ്പനച്ചരക്കാക്കാതെ, പ്രവാചകന്മാരുടെ യഥാർഥ പ്രതിനിധികളായി ജീവിക്കാൻ അറിവുള്ളവർക്കും അത് നേടാൻ ആഗ്രഹിക്കുന്നവർക്കും സാധിക്കുമ്പോഴാണ് പാണ്ഡിത്യം അതിന്റെ പൂർണതയിലെത്തുന്നത്.
Content Highlights:
Islam grants an unparalleled status to scholars, defining them as the true inheritors of the prophets tasked with preserving divine knowledge. Holy Quran verses and prophetic traditions repeatedly emphasize that ultimate academic and religious pursuits must solely seek the pleasure of God. Acquiring knowledge for worldly gains, arrogance, or public praise carries severe spiritual warnings and accountability in the afterlife







