Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ രാജ്യസഭാ എം പി സുഖേന്ദു ശേഖര്‍ റേ പാര്‍ട്ടി വിട്ടു. തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ദീര്‍ഘകാലത്തെ ബന്ധം അവസാനിപ്പിച്ച അദ്ദേഹം രാജ്യസഭാ അംഗത്വവും രാജിവച്ചു. നിയമ സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ എം എല്‍ എമാര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടതിനു പിന്നാലെ ആദ്യമായി പാര്‍ട്ടി വിടുന്ന എം പിയാണ് മുതിര്‍ന്ന നേതാവായ റേ.
സുഖേന്ദു ശേഖര്‍ റേ തന്റെ രാജി കത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളും ഉന്നയിച്ചു. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ 15 വര്‍ഷത്തെ ഭരണം ബംഗാളില്‍ അരാജകത്വമാണ് സൃഷ്ടിച്ചതെന്ന് അദ്ദേഹം കത്തില്‍ ആരോപിക്കുന്നു. 2011ല്‍ ബംഗാളില്‍ ബാനര്‍ജിയുടെ പാര്‍ട്ടി അധികാരത്തില്‍ വന്നതുമുതല്‍ റേ അവര്‍ക്കൊപ്പം ഉണ്ടായിരുന്നു.അങ്ങനെയൊരു നേതാവാണ് പാര്‍ട്ടി വിട്ടത്.
ഡല്‍ഹിയില്‍ പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡ്യ’ മുന്നണിയുടെ നിര്‍ണായക യോഗം നടക്കാനിരിക്കെയാണ് മമത ബാനര്‍ജിക്ക് വന്‍ തിരിച്ചടിയായി പാര്‍ട്ടിയുടെ മുഖമായിരുന്ന മുതിര്‍ന്ന നേതാവിന്റെ രാജി. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനകളാണ് ബംഗാള്‍ രാഷ്ട്രീയത്തില്‍ നിന്ന് പുറത്തുവരുന്നത്. എം പിമാര്‍ കൂട്ടത്തോടെ ബി ജെ പിയില്‍ ചേക്കേറുമെന്നും സൂചനകളുണ്ട്.







