Home rss business malayalam പ്രതിപക്ഷ പ്രതിഷേധത്തിന് ചുക്കാൻ പിടിച്ച് കെ.സി. വേണുഗോപാൽ; ഡൽഹിയിലെ സമരതന്ത്രങ്ങൾ ശ്രദ്ധ നേടുന്നു

പ്രതിപക്ഷ പ്രതിഷേധത്തിന് ചുക്കാൻ പിടിച്ച് കെ.സി. വേണുഗോപാൽ; ഡൽഹിയിലെ സമരതന്ത്രങ്ങൾ ശ്രദ്ധ നേടുന്നു

2
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കണമെന്ന ആവശ്യമുയർത്തി കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനുമെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചണിനിരന്ന് നടത്തുന്ന പ്രതിഷേധം ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മുന്നിൽനിന്ന് നയിക്കുന്ന സമരപരിപാടികളിൽ എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ.സി. വേണുഗോപാലിന്റെ സംഘടനാപരവും ഏകോപനപരവുമായ ഇടപെടലുകളാണ് ശ്രദ്ധേയമാകുന്നത്.

കേന്ദ്ര സർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും നീക്കങ്ങൾക്കനുസരിച്ച് സമരത്തിന്റെ രീതിയും വേദിയും മാറ്റി പ്രതിഷേധം മുന്നോട്ടുകൊണ്ടുപോകുന്നതിൽ കെ.സി. വേണുഗോപാൽ നിർണായക പങ്കുവഹിക്കുന്നതായാണ് വിലയിരുത്തൽ. ഓരോ ദിവസവും വ്യത്യസ്തമായ പ്രതിഷേധരീതികൾ സ്വീകരിച്ച് സമരത്തിന് കൂടുതൽ ശ്രദ്ധ നേടാനുള്ള പ്രതിപക്ഷത്തിന്റെ നീക്കങ്ങളിലും അദ്ദേഹത്തിന്റെ ഇടപെടലുകൾ ശ്രദ്ധിക്കപ്പെടുന്നു.

ആദ്യദിവസം ഇന്ത്യാ സഖ്യത്തിലെ എംപിമാരെ അണിനിരത്തി തിരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് നടത്തിയ മാർച്ച് ഡൽഹി പൊലീസ് തടഞ്ഞതോടെയാണ് പ്രതിഷേധം ആകാശവാണി ഭവനിലേക്ക് മാറ്റിയത്. തിരഞ്ഞെടുപ്പ് കമ്മിഷണറെ നേരിട്ട് കാണണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരടക്കമുള്ള മുതിർന്ന പ്രതിപക്ഷ നേതാക്കൾ രാത്രി പത്തുമണിവരെ അവിടെ നിലയുറപ്പിച്ചു.

രണ്ടാം ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ഒത്തുചേർന്നു. തുടർന്ന് സമരത്തിന്റെ അടുത്ത നീക്കത്തെക്കുറിച്ച് ഡൽഹി പൊലീസിനും മാധ്യമങ്ങൾക്കും മുൻകൂട്ടി സൂചന നൽകാതെ പ്രതിഷേധം ജന്തർ മന്തറിലേക്ക് മാറ്റി. അപ്രതീക്ഷിതമായ ഈ നീക്കം പ്രതിഷേധത്തിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തു.

മൂന്നാം ദിവസം സമരം കൂടുതൽ ശക്തമാകുമെന്ന വിലയിരുത്തലിനെ തുടർന്ന് കേന്ദ്രസേനകളെ ഉൾപ്പെടെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിൽ പ്രതിപക്ഷം വീണ്ടും സമരരീതി മാറ്റി. സംഘർഷസാഹചര്യം ഒഴിവാക്കി ഗാന്ധിയൻ മാർഗം സ്വീകരിച്ച എംപിമാർ രാജ്ഘട്ടിലേക്ക് സമാധാനയാത്ര നടത്തി മഹാത്മാഗാന്ധിയുടെ സ്മൃതിയിൽ പ്രണാമമർപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധത്തിൽ പങ്കെടുക്കാതിരുന്ന വിവിധ പ്രതിപക്ഷ കക്ഷികളിലെ എംപിമാരെയും മൂന്നാം ദിവസത്തെ സമരത്തിന്റെ ഭാഗമാക്കുന്നതിൽ കെ.സി. വേണുഗോപാൽ നിർണായക ഇടപെടൽ നടത്തിയെന്നാണ് റിപ്പോർട്ട്. പ്രതിപക്ഷ എംപിമാരെ ഒരേ വേദിയിൽ അണിനിരത്തിയും പ്രതിഷേധത്തിന്റെ സ്വഭാവം ഓരോ ദിവസവും മാറ്റിയും മുന്നോട്ടുപോകുന്ന തന്ത്രമാണ് ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകുന്നത്.

ജനാധിപത്യ സംവിധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തിൽ ഒരു മലയാളി എംപി വഹിക്കുന്ന ഏകോപനപരമായ പങ്ക് ദേശീയ രാഷ്ട്രീയത്തിലും കേരളത്തിലെ പൊതുസമൂഹത്തിലും ശ്രദ്ധ നേടുകയാണ്.