Source :- SIRAJLIVE NEWS
തൊടുപുഴ| ഫുട്ബോൾ കളിക്കുന്നതിനിടെ പന്തിന് പിന്നാലെ ഓടി കിണറ്റിൽ വീണ 14കാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മാർത്തോമ തോട്ടുങ്കൽപീടികയിൽ ഷിയാസിന്റെ മകൻ സി ആർ റിസ്വാനാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച പകൽ 11.30ഓടെ ഇടവെട്ടി പമ്പിന് സമീപമായിരുന്നു സംഭവം.
കൂട്ടുകാർക്കൊപ്പം ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുകയായിരുന്നു റിസ്വാൻ. ഇതിനിടെ പന്ത് ഗ്രൗണ്ടിനോട് ചേർന്ന് കാടുപിടിച്ചുകിടന്ന കിണറ്റിലേക്ക് വീണു. പന്തിന് പിന്നാലെ ഓടിയെത്തിയ റിസ്വാൻ സ്ഥലപരിചയക്കുറവ് കാരണം കാലുതെന്നി കിണറ്റിലേക്ക് വീഴുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തൊടുപുഴ അഗ്നിരക്ഷാസേന റെസ്ക്യൂ നെറ്റ് ഉപയോഗിച്ചാണ് റിസ്വാനെ കിണറ്റിൽനിന്ന് പുറത്തെടുത്തത്. ഏകദേശം 40 അടി താഴ്ചയുള്ള കിണറ്റിൽ വെള്ളം കുറവായിരുന്നത് വലിയ അപകടം ഒഴിവാക്കി.
കൈക്ക് നിസാര പരിക്കേറ്റ റിസ്വാനെ അഗ്നിരക്ഷാസേനയുടെ വാഹനത്തിൽ തന്നെ ആശുപത്രിയിലെത്തിച്ചു. കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.
Content Highlights:
A 14-year-old boy named Rizwan was rescued by the Thodupuzha fire force after falling into a 40-foot deep well while playing football. The incident occurred near Edavetti pump when he slipped while chasing the ball. He sustained minor hand injuries and is reported to be out of danger.




