Source :- SIRAJLIVE NEWS
കൂടല്‍/പത്തനാപുരം | യുവാവിനെ മര്‍ദിച്ച് മൂക്കിന്റെ അസ്ഥി പൊട്ടിച്ച കേസില്‍ മൂന്നു പേര് അറസ്റ്റില്‍. പത്തനാപുരം മാങ്കോട് മുള്ളൂര്‍നിരപ്പ് സുജിത്ത് ഭവന് വീട്ടില്‍ സാമ്പന് എന്നുവിളിക്കുന്ന അജിത്ത് (27), മാങ്കോട് വാഴത്തോട്ടം ബാബുവിന്റെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന കിണ്ടി എന്ന വാഴപ്പാറ ബിനോയ് വിലാസത്തില്‍ സുധീഷ് (20), വാഴപ്പാറ രത്നഗിരി പുത്തന്‍ വീട്ടില്‍ ആഷിക് (18) എന്നിവരാണ് പിടിയിലായത്. ഇവര്‍ യഥാക്രമം കേസിലെ ഒന്നും രണ്ടും നാലും പ്രതികളാണ്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.
മുള്ളൂര്‍നിരപ്പ് താഴെ വാഴത്തോട്ടം ലക്ഷ്മി സദനത്തില്‍ സജികുമാറിനാണ് മര്‍ദനമേറ്റത്. മദ്യപിച്ചെത്തിയ അജിത്ത് മകളെ വീടിനു മുന്നില്‍ വച്ച് അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് മര്‍ദനത്തിനിരയാക്കിയത്. ഈമാസം 19 ന് പുലര്‍ച്ചെ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ ടാപ്പിംഗിന് എത്തിയ സജികുമാറിനെ പ്രതികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. പത്തനാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ സജിയെ, പരുക്ക് ഗുരുതരമായതിനാല്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു.
പത്തനാപുരം പോലീസ് സ്റ്റേഷനിലെ മൂന്ന് കേസുകളില്‍ പ്രതിയാണ് അജിത്ത്. ആക്രമിച്ച് പരുക്കേല്‍പ്പിക്കല്‍, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമെടുത്ത കേസുകളാണിവ. ഗുണ്ടാ നിയമപ്രകാരമുള്ള മുന്‍കരുതല്‍ നടപടികളും ഇയാള്‍ക്കെതിരെ പത്തനാപുരം പോലീസ് സ്വീകരിച്ചിരുന്നു. പോലീസ് അന്വേഷിച്ചെത്തിയ സമയം വീടിന് സമീപം പ്രശ്നമുണ്ടാക്കി കൊണ്ടിരുന്ന അജിത്തിനെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴ്പ്പെടുത്തിയത്. ഇയാളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് രണ്ട് പ്രതികളെയും പിടികൂടി. പ്രതികളെ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടല്‍ എസ് എച്ച് ഒ. ആര് രാജിവ്, എ എസ് ഐ. അജി കര്‍മ അന്വേഷണത്തിന് നേതൃത്വം നല്കുന്നു.
Content Highlights: Three persons were arrested after a father was brutally assaulted for confronting them over harassing his daughter. The incident led to immediate police action and the registration of a criminal case against the accused. Authorities have initiated further investigation into the incident.




