Source :- SIRAJLIVE NEWS
എല്ലാവരെയും ഉൾക്കൊള്ളാനുള്ള മനസ്സ്, ആർക്കും കയറിയിരിക്കാവുന്ന ഹൃദയം, ഏത് മനുഷ്യനും മിണ്ടിപ്പറയാവുന്ന പെരുമാറ്റം, എല്ലാം സവിശേഷമായ സ്വഭാവത്തിൽ നിന്നുടലെടുക്കുന്ന കാര്യങ്ങളത്രേ. നബിയേ… അങ്ങയുടെ ഹൃദയം ഞാൻ വിശാലമാക്കിയില്ലേ ? എന്ന അല്ലാഹുവിന്റെ വചനം തിരുദൂതർക്ക് നൽകിയ മഹനീയമായൊരു അംഗീകാരമായിരുന്നല്ലോ. സങ്കുചിതത്വത്തിന്റെ തരി പോലുമേൽക്കാത്ത ഹൃദയം. ലോകത്ത് ഏറ്റവും പ്രവിശാലതയുള്ള സൃഷ്ടി ഏതെന്ന ചോദ്യത്തിന് തിരുദൂതരുടെ ഹൃദയം എന്നാണ് ഉത്തരം (ഖൽബുൽ മുസ്ത്വഫ).
പാവങ്ങളെ അതിരറ്റ് സ്നേഹിച്ചു, അഗതി അനാഥകളെ സംരക്ഷിച്ചു, കൊടിയ ശത്രുക്കളോട് പോലും അരിശം കാണിച്ചില്ല, ചെറിയവരെയും വലിയവരെയും സ്ത്രീകളെയും പുരുഷൻമാരെയും ആദരവോടെ പരിഗണിച്ചു, വീതം വെപ്പുകളിൽ നീതി നടപ്പാക്കി, സമ്പന്നരെയും ദരിദ്രരെയും ഒരു വരിയിൽ നിർത്തി, ആരെയും അവഗണിച്ചിട്ടില്ലാത്ത സുന്ദര ജീവിതം.
വളരെ പ്രധാനികളായ ഒരു സംഘം ഗൗരവപ്പെട്ട ചർച്ചകൾക്കു വന്ന വേളയിൽ, സാഹചര്യമറിയാതെ നബിയേ സമീപിക്കാനെത്തിയ അന്ധനായ സ്വഹാബിയെ തെല്ലൊന്ന് പരിഗണിക്കാതിരുന്നോ എന്ന ഘട്ടത്തിൽ വിശുദ്ധ ഖുർആൻ തിരുദൂതരേ സ്നേഹശാസന നടത്തിയതോർക്കുന്നില്ലേ. പിന്നീടുള്ള അബ്ദുല്ലാഹിബ്നു ഉമ്മു മക്തൂമിന്റെ (റ) ഓരോ വരവിനെയും തിരുദൂതർ(സ) കണ്ടത് ഹാർദമായായിരുന്നല്ലോ “എന്നെ ശാസിക്കാൻ ഹേതുവായ മനുഷ്യന് സ്വാഗതം’ എന്ന് അവിടുന്ന് ഹൃദയാലിംഗനം ചെയ്ത് പറഞ്ഞു. നാം ആക്ഷേപിക്കപ്പെടാൻ മറ്റൊരാൾ കാരണമായാൽ അയാളോടുള്ള നമ്മുടെ സമീപനമെന്തായിരിക്കും കൂട്ടരേ..? അയാളോടുള്ള അമർഷവും ദേഷ്യവും ഉള്ളിൽ എരിപൊരി കൊള്ളില്ലേ, അവഗണന വീണ്ടും തുടരില്ലേ. അരുത് ഹൃദയത്തെ അങ്ങനെ ചെറുതാകാൻ വിടരുത്.
കൂട്ടുകാരേ… നമ്മൾ മനുഷ്യർക്കിടയിൽ എന്തെല്ലാം വിടവുകളുണ്ടല്ലേ. തറവാടും ജോലിയും സമ്പത്തും പാർട്ടിയും ആശയങ്ങളും പറഞ്ഞ് നമ്മൾ പല ചേരികൾ സൃഷ്ടിക്കുന്നു. ചിലത് പ്രകടമായ വേർതിരിവുകൾ, ചിലവ ഓരോ മനുഷ്യരും മനസ്സിൽ സൃഷ്ടിക്കുന്ന ചേരികൾ. ഈ സ്വാഭാവികതകളുണ്ടാവുമ്പോഴും മനുഷ്യർ പരസ്പരം അകലുന്നത് ശരിയല്ല. അവിശ്വാസിയായ ഉമ്മയോട് ബന്ധം പുലർത്തണോ എന്ന് ചോദിച്ചവരോട് ആ ബന്ധങ്ങൾ ദൃഢമാക്കണമെന്നാണ് റസൂലിന്റെ ഉപദേശം.
ഒരു വീട്ടിൽ തന്നെ വ്യത്യസ്ത പാർട്ടിക്കാരും പ്രസ്ഥാനക്കാരുമുണ്ടാകും. അതിന്റെ പേരിൽ അവർ പരസ്പരം തർക്കിക്കുന്നു, പിണങ്ങുന്നു, ബന്ധങ്ങളെ ശിഥിലമാക്കുന്നു. എത്ര ഭീതിദമാണ് ഇത്തരം കോലങ്ങൾ. ഇസ്ലാം അതനുഷ്ഠിക്കുന്നവരോട് കൊടുത്ത ഉപദേശം നിങ്ങൾ മറ്റുള്ളവർക്കായി വിശാലത ചെയ്ത് കൊടുക്കണമെന്നാണ്. സദസ്സുകളിലേക്ക് കയറി വരുന്നവർക്ക് ഇടം കൊടുക്കുന്നത് പോലെ അവരെ മനസ്സ് കൊണ്ട് ഉൾക്കൊള്ളാൻ കൂടി വിശ്വാസിക്ക് കഴിയണം. അകറ്റി നിർത്താൻ ധാരാളം കാരണങ്ങളുണ്ടായിരിക്കെ അരികെ നിർത്താനുള്ള കാരണങ്ങളെയാണ് നമ്മൾ ചികയേണ്ടത്.
എല്ലാവർക്കും അഭിവൃദ്ധിയും നന്മയുമുണ്ടാവണമെന്നാണ് വിശ്വാസി ആഗ്രഹിക്കേണ്ടത്. ഇസ്ലാമികാശയങ്ങളുടെ ക്രമീകരണവും അങ്ങനെയാണ്. ആരാധനകളിൽ പോലും മനുഷ്യർ തമ്മിലുള്ള പാരസ്പര്യത്തെയാണ് ദൃഢീകരിക്കുന്നത്. വിവേചനങ്ങളില്ലാതെ തോളോട് തോൾ ചേർന്ന് നിൽക്കുന്ന സംഘടിത നിസ്കാരം, പാവങ്ങളെ ഊട്ടുന്ന നോമ്പുകാലം, ദരിദ്രരുടെ കൈ പിടിക്കുന്ന സകാത്ത്, ഹൃദയങ്ങൾ ഇഴചേരുന്ന ഹജ്ജ് വേള ഓരോന്നിലും ഉൾക്കൊള്ളലിന്റെയും ഹൃദയ വിശാലതയുടെയും കുളിരും നനവുമുണ്ട്.
വീട്ടിൽ കളവു നടത്താൻ കയറിയ തസ്കരന് അയാളുടെ ആവശ്യങ്ങളും പരിഭവങ്ങളും മനസ്സിലാക്കി വേണ്ടത് ചെയ്ത് കൊടുത്ത് അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ പോലും സഹായിച്ച ശൈഖ് രിഫാഈ (റ) എത്ര വിശാലമായ ഹൃദയത്തെയാണ് നിവർത്തിയിട്ടത്. സാഹചര്യങ്ങൾ തെറ്റുകാരാക്കിയ മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിച്ച് നന്മയുള്ളവരാക്കുകയെന്ന ദൗത്യമാണ് മഹത്തുക്കൾ നിർവഹിച്ചത്.
ആരെയെങ്കിലും സന്മാർഗത്തിലേക്ക് നയിക്കാൻ അല്ലാഹു ഉദ്ദേശിച്ചാൽ ഇസ്്ലാമിനായിഅവന്റെ ഹൃദയത്തെ വിശാലമാക്കും, വഴികേടിലാക്കാൻ ഉദ്ദേശിച്ചാൽ അവന്റെ ഹൃദയത്തെ സങ്കുചിതമാക്കും (സൂറ: അൻആം 125) എന്ന ഖുർആനിക വാക്യം യഥാർഥ വിശ്വാസികൾക്ക് അല്ലാഹു നൽകുന്ന ഹൃദയ വിശാലതയെ തുറന്ന് കാട്ടുന്നു.
ശത്രുക്കളോട് പോലും തുറന്ന മനസ്സാണ് സ്വീകരിക്കേണ്ടത്. കൊടും ശത്രുവായ ഫിർഔനെ സമീപിക്കുന്നതിന് മുന്നെ മൂസാ നബി(അ)യുടെ പ്രാർഥന ശ്രദ്ധേയമാണ്. വിശാലഹൃദയനായി അയാളുമായി സംവദിക്കാനാണ് മൂസാ നബി (അ) ആഗ്രഹിച്ചത്. സൂറ: ത്വാഹ 25 അതിങ്ങനെ രേഖപ്പെടുത്തുന്നു” എന്റെ രക്ഷിതാവേ, എന്റെ ഹൃദയം വിശാലമാക്കുകയും കാര്യങ്ങൾ എളുപ്പമാക്കുകയും അവർക്ക് ഗ്രഹിക്കാൻ കഴിയും വിധം എന്റെ ഭാഷണത്തെ വ്യക്തമാക്കുകയും ചെയ്യേണമേ’.
ചുരുണ്ട് ചളുങ്ങിയ ഹൃദയമുള്ളവരിലേക്ക് ഒരാളും അടുക്കില്ല. അയാളുടെ ഹൃദയത്തിൽ നിർമലസ്വഭാവങ്ങൾക്ക് ഇടമില്ലാത്തതാണ് കാരണം. മിണ്ടിയാൽ തന്നെ അസ്വസ്ഥതയുടെയും തൃപ്തികേടിന്റെയും വായ്നാറ്റം അയാളിൽ നിന്ന് വമിക്കും. ആരെയും സഹായിക്കരുതെന്നും ആരോടും നല്ലത് പറയരുതെന്നും അയാളെ പിശാച് പറഞ്ഞ് പഠിപ്പിച്ചിട്ടുണ്ട്.
മനുഷ്യരോടെല്ലാം നല്ല പോലെ പെരുമാറണമെന്നും വിശാല മനസ്സോടെ ഇടപെടണമെന്നും പറയുമ്പോഴും നമ്മുടെ വിശ്വാസത്തെയും ധാർമികതയെയും പ്രതികൂലമായി ബാധിക്കുന്നവരെ തിരുത്താൻ നമ്മെ കൊണ്ട് കഴിയുന്നില്ലെങ്കിൽ അകലം പാലിക്കണമെന്ന ബോധം നമുക്കുണ്ടാകണം. കാരണം, അത് നന്മയെക്കാൾ തിന്മയെയാണുണ്ടാക്കുക.
ആളുകളെ ഉൾക്കൊണ്ട് തുടങ്ങിയാൽ നമ്മുടെ കുറേ ടെൻഷനുകൾക്ക് പരിഹാരമാകും. തർക്കങ്ങളേറെ കുറയും. വിദ്വേഷങ്ങൾക്കും പകകൾക്കും ഫുൾ സ്റ്റോപ്പുണ്ടാകും. എല്ലാവരും നമുക്ക് വേണ്ടപ്പെട്ടവരും നാം അവരുടേതുമാകും. മനസ്സിനെ നമുക്കൊന്ന് വിശാലമായി മാറ്റി പ്പണിതാലോ; മതത്തിന്റെ സുരക്ഷാ നിയമങ്ങളൊന്നും തെറ്റിക്കാതെ.
Content Highlights:
The report highlights Prophet Muhammad’s profound open-heartedness, mercy, and justice toward all people. It emphasizes how Islamic practices promote unity, compassion, and breaking down social or political divisions. Embracing a generous heart brings personal peace and eliminates hatred.




