Source :- SIRAJLIVE NEWS
കിഴക്കിന്റെ നിഗൂഢതകളും അയ്യായിരത്തിലധികം വർഷത്തെ പാരമ്പര്യവും തുടിക്കുന്ന ചൈനീസ് സംസ്കാരം വെറുമൊരു ചരിത്രമല്ല. ഏഷ്യയുടെ ഹൃദയഭാഗത്ത് പടർന്നുപന്തലിച്ച ഈ സംസ്കാരം ശാസ്ത്രവും കലയും ആത്മീയതയും പരസ്പരം കൈകോർത്ത മഹാവിസ്മയമാണ്. ലോകത്തിന് പേപ്പറും അച്ചടിയും വെടിമരുന്നും സമ്മാനിച്ച, പ്രകൃതിയുടെ താളത്തിനൊപ്പം ജീവിക്കാൻ പഠിപ്പിച്ച ചൈനീസ് ജനതയുടെ സംസ്കാരത്തിലൂടെയാണ് ഇന്നത്തെ യാത്ര.
ഹോയാംഗ്ഹോ നദി
ലോകത്തിലെ ഏറ്റവും പ്രാചീനവും സവിശേഷവുമായ സംസ്കാരങ്ങളിൽ ഒന്നാണ് ചൈനീസ് സംസ്കാരം. വർഷങ്ങളുടെ പഴക്കമുള്ള ഈ സംസ്കാരം കല, സാഹിത്യം, തത്ത്വചിന്ത, ശാസ്ത്രം എന്നിവയിലെല്ലാം ലോകത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ബി സി 3000ത്തോടടുത്ത് ഹോയാംഗ്ഹോ നദിയുടെ തീരത്താണ് ഈ സംസ്കാരം വളർന്നുവന്നത്. ചൈനീസ് സംസ്കാരത്തിന്റെ തൊട്ടിലായി അറിയപ്പെടുന്നത് ഹോയാംഗ്ഹോ നദിയാണ്.
നദിയിലെ മഞ്ഞനിറമുള്ള മണ്ണ് കാരണം ഇതിനെ മഞ്ഞനദി എന്നും വിളിക്കുന്നു. ഈ നദിയിലുണ്ടാകുന്ന വെള്ളപ്പൊക്കം വൻ നാശനഷ്ടങ്ങൾ വരുത്തിവെച്ചിരുന്നതിനാൽ ഇതിനെ “ചൈനയുടെ ദുഃഖം’ എന്നും വിളിച്ചിരുന്നു. എന്നാൽ, വെള്ളപ്പൊക്കം മൂലമുണ്ടായ ഫലഭൂയിഷ്ഠമായ മണ്ണാണ് ഇവിടെ കൃഷിയെ പ്രോത്സാഹിപ്പിച്ചതും വലിയൊരു സംസ്കാരം വളർത്തിയെടുത്തതും. നെല്ല്, മില്ലറ്റ് (ചാമ) എന്നിവയായിരുന്നു പ്രധാന വിളകൾ.
ഭരണാധികാരികൾ
ചൈനീസ് സംസ്കാരത്തിന്റെ ചരിത്രം വിവിധ രാജവംശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഷാംഗ് (Shang) രാജവംശത്തിന്റെ കാലത്താണ് ചൈനയിൽ വെങ്കലയുഗം ശക്തമായത്. പിന്നീട് വന്ന ചൗ (Zhou), ചിൻ (Qin), ഹാൻ (Han) രാജവംശങ്ങൾ ചൈനയെ വലിയൊരു സാമ്രാജ്യമാക്കി മാറ്റി. ഇതിൽ “ചിൻ’ രാജവംശത്തിന്റെ പേരിൽ നിന്നാണ് “ചൈന’ എന്ന പേര് ഉണ്ടായത്.
ചൈനീസ് ലിപി
ചിത്രങ്ങൾ ഉപയോഗിച്ച് ആശയങ്ങൾ പ്രകടിപ്പിക്കുന്ന ചിത്രലിപിയായിരുന്നു പുരാതന ചൈനക്കാർ ഉപയോഗിച്ചിരുന്നത്. കളിമൺ പാത്രങ്ങളിലും മൃഗങ്ങളുടെ അസ്ഥികളിലും ആമത്തോടുകളിലും അവർ എഴുതിവെച്ചിരുന്നു. പിന്നീട് ഇത് പരിഷ്കരിച്ച് ഇന്നത്തെ ചൈനീസ് അക്ഷരമാലയായി മാറി.
കണ്ടുപിടിത്തങ്ങൾ
ലോകചരിത്രത്തെ മാറ്റിമറിച്ച നാല് വലിയ കണ്ടുപിടിത്തങ്ങൾ ചൈനയുടേതാണ്. പേപ്പർ, വെടിമരുന്ന്, ദിശാനിർണയ യന്ത്രം, പട്ട് എന്നിവ കൂടാതെ ചെളിമൺ പാത്രങ്ങൾ, ചായ എന്നിവയെല്ലാം ചൈനക്കാരാണ് ലോകത്തിന് പരിചയപ്പെടുത്തിയത്. ലോകത്തിലാദ്യമായി മരത്തിന്റെ തൊലിയിൽ നിന്നും തുണിബെൽറ്റുകളിൽ നിന്നും പേപ്പർ നിർമിച്ചത് ചൈനക്കാരായിരുന്നു. സായ് ലൂൺ എന്നയാളാണ് ഇത് കണ്ടുപിടിച്ചത്. ആയുധങ്ങളിലും പടക്കങ്ങളിലും ഉപയോഗിക്കുന്ന വെടിമരുന്നും ചൈനക്കാരുടെ കണ്ടുപിടിത്തമാണ്.
കടൽയാത്രകളിൽ ദിശ മനസ്സിലാക്കാനാണ് വടക്കുനോക്കിയന്ത്രം ഇവർ വികസിപ്പിച്ചെടുത്തത്. പട്ടുനൂൽപ്പുഴുക്കളെ വളർത്തി പട്ടുനൂൽ നിർമിക്കുന്ന വിദ്യ ചൈനക്കാർ ലോകത്തിന് പരിചയപ്പെടുത്തി.
വൻമതിൽ
പുരാതന ചൈനീസ് നിർമിതികളിൽ ഏറ്റവും അത്ഭുതകരമായത് ചൈനയിലെ വന്മതിലാണ്. വടക്കുനിന്നുള്ള മംഗോളിയൻ ഗോത്രവർഗക്കാരുടെ ആക്രമണങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ ചിൻ ഷി ഹുവാംഗ് എന്ന ചക്രവർത്തിയുടെ കാലത്താണ് ഇതിന്റെ നിർമാണം ആരംഭിച്ചത്. ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നാണിത്.
തത്ത്വചിന്തകൾ
ചൈനീസ് സമൂഹത്തെ സ്വാധീനിച്ച മികച്ച തത്ത്വചിന്തകരുടെ കാലം കൂടിയായിരുന്നു ഇത്. കൺഫ്യൂഷ്യസ്, ലാവോത്‌സെ എന്നിവരായിരുന്നു തത്വ ചിന്തകരിൽ പ്രമുഖർ. മനുഷ്യർ തമ്മിലുള്ള സ്നേഹം, മുതിർന്നവരോടുള്ള ബഹുമാനം എന്നിവയെക്കുറിച്ചാണ് കൺഫ്യൂഷ്യസ് പഠിപ്പിച്ചത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ലാവോത്‌സെയും ഉപദേശിച്ചു. ഇന്ത്യയിൽ നിന്ന് ചൈനയിലെത്തുകയും പിന്നീട് അവരുടെ സംസ്കാരത്തിന്റെ വലിയൊരു ഭാഗമായി മാറുകയും ചെയ്ത മതമാണ് ബുദ്ധമതം.
ശാസ്ത്രം, തത്ത്വചിന്ത, കൃഷി, നിർമാണകല എന്നിവയിലെല്ലാം പുരാതന ചൈനീസ് ജനത കൈവരിച്ച നേട്ടങ്ങൾ ലോകത്തെ വിസ്മയങ്ങളാണ്. നദീതടങ്ങൾ എങ്ങനെയാണ് ഒരു മനുഷ്യസമൂഹത്തെ സംസ്കാരത്തിന്റെ ഉന്നതിയിൽ എത്തിക്കുന്നത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ചൈനീസ് സംസ്കാരത്തെ വിലയിരുത്താനാകും.
Content Highlights:
Ancient Chinese civilization developed along the fertile banks of the Yellow River around 3000 BC. The culture gifted the world landmark innovations including paper, gunpowder, the compass, and silk production. Major dynasties, the Great Wall, and philosophies of Confucius and Laozi shaped its legacy.




