Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

തമിഴ്നാട്ടിലെ ക്രമസമാധാന നില പൂർണമായും തകർന്നുവെന്ന് ആരോപിച്ച് വിജയ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. സിനിമയിലെ നായകന്മാർക്ക് യഥാർഥ ജീവിതത്തിൽ മികച്ച ഭരണാധികാരികളാകാൻ കഴിയില്ലെന്നും വിവേകമില്ലാത്തതും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാത്തതുമായ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണെന്നും പ്രായമായവരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയിൽ ആശങ്കയുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. കുറ്റവാളികളിൽനിന്നു മാത്രമല്ല, ടിവികെ പ്രവർത്തകരിൽനിന്നും സ്ത്രീകൾക്ക് സംരക്ഷണം ആവശ്യമാണെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടി ഭാരവാഹികളെയും പ്രവർത്തകരെയും നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രി വിജയ് പരാജയപ്പെട്ടെന്നും അവരെ നിയന്ത്രിച്ചാൽ കുറ്റകൃത്യങ്ങൾ കുറയ്ക്കാനാകുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ വിവിധ അതിക്രമങ്ങളുടെ വാർത്താ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് സ്റ്റാലിൻ വീഡിയോ പങ്കുവെച്ചത്. സാധാരണയായി എല്ലാവർക്കും സുഖമാണോ എന്ന് ചോദിച്ചാണ് വീഡിയോ ആരംഭിക്കാറുള്ളതെന്നും എന്നാൽ ഇന്ന് അങ്ങനെ ചോദിച്ചാൽ പരിഹസിക്കുകയാണോ എന്ന് ജനങ്ങൾ തിരിച്ചുചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉറങ്ങിക്കിടക്കുന്ന ടിവികെ സർക്കാരിന്റെ കണ്ണുതുറപ്പിക്കാൻ നാളെ നടക്കുന്ന പ്രതിഷേധത്തിൽ എല്ലാവരും പങ്കെടുക്കണമെന്നും സ്റ്റാലിൻ ആഹ്വാനം ചെയ്തു.

