Source :- SIRAJLIVE NEWS
കല്പറ്റ|വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനകൾക്ക് മലപ്പുറം വേങ്ങര ബദറുദ്ദുജാ ഇസ്‌ലാമിക് സെന്റർ ഏർപ്പെടുത്തിയ ഹംസതുൽ കർറാർ അവാർഡ് സമസ്ത വയനാട് ജില്ലാ പ്രസിഡന്റ് പി. ഹസൻ മുസ്‌ലിയാർക്ക് നാളെ സമ്മാനിക്കും. കുറ്റാളൂരിൽ നാളെ വൈകുന്നേരം നടക്കുന്ന മീലാദ് സമ്മേളനത്തിൽ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരാണ് അവാർഡ് സമർപ്പിക്കുക.
മത-ഭൗതിക വിദ്യാഭ്യാസ സമ്പ്രദായങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ഹസൻ മുസ്‌ലിയാരുടെ നേതൃത്വത്തിൽ വയനാട്ടിൽ ആരംഭിച്ച വിദ്യാഭ്യാസ സംരംഭങ്ങൾ വയനാട്, കുടക്, നീലഗിരി ജില്ലകളിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതായി അവാർഡ് നിർണ്ണയ സമിതി വിലയിരുത്തി. ഈ പ്രദേശങ്ങളിൽ നിന്നുള്ള ധാരാളം പേർക്ക് ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ സാധിച്ചെന്നും സമിതി വ്യക്തമാക്കി.
അഞ്ചു പതിറ്റാണ്ടിലേറെയായി വയനാടിന്റെ മത-വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമാണ് ഹസൻ മുസ്‌ലിയാർ. 1946-ൽ മലപ്പുറം കരുവാരക്കുണ്ട് നീലാഞ്ചേരിയിൽ ജനിച്ച അദ്ദേഹം, ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക കലാലയമായ വെല്ലൂർ ബാഖിയാത്തിൽ നിന്ന് 1971-ൽ ഒന്നാം റാങ്കോടെ ബാഖവി ബിരുദം നേടി. അതേവർഷം കണിയാമ്പറ്റയിലാണ് അധ്യാപന ജീവതത്തിന് തുടക്കമിടുന്നത്. 1988-ൽ വെള്ളമുണ്ടയിൽ മുദരിസായി. 2015 മുതൽ പള്ളിക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മദീനത്തുന്നസീഹ’ വിദ്യാഭ്യാസ സംരംഭങ്ങളുടെ സ്ഥാപകനും പ്രിൻസിപ്പലുമാണ്. കല്പറ്റ ദാറുൽ ഫലാഹിൽ ഇസ്‌ലാമിയ്യ, മാനന്തവാടി മുഅസ്സസ എന്നീ പ്രമുഖ സ്ഥാപനങ്ങളുടെ രൂപീകരണത്തിൽ നേതൃപരമായ പങ്കുവഹിച്ചു.
ദീർഘ കാലം വയനാട് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയായി സേവനമനുഷ്ഠിച്ച അദ്ദേഹം വയനാട് ഹസൻ മുസ്‌ലിയാർ എന്നാണ് അറിയപ്പെടുന്നത്. വയനാട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, നീലഗിരി ജില്ലകളിലായി വലിയൊരു ശിഷ്യസമ്പത്തുണ്ട്. 1979-ൽ സമസ്ത വയനാട് ജില്ലാ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഹസൻ മുസ്‌ലിയാർ അഞ്ച് പതിറ്റാണ്ടോളമായി പദവിയിൽ തുടരുന്നു. 1989 മുതൽ സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രധാനപ്പെട്ട വിവിധ ഉപസമിതികളുടെ ഭാരവാഹിയുമാണ്.
Content Highlights:
Samastha Wayanad district president P Hassan Musliyar has been selected for the Hamsathul Karrar Award by Vengara Badaruduja Islamic Center. Grand Mufti Kanthapuram AP Aboobacker Musliyar will present the honor at Kuttaloor. The award recognizes his five decades of service to education.



