Home LATEST NEWS malyalam പുതിയ വാർത്ത ലക്ഷദ്വീപിലെ സര്‍ക്കാര്‍ കോളേജുകളിലെ പ്രമുഖ കോഴ്‌സുകള്‍ അപ്രതീക്ഷിതമായി വെട്ടിക്കുറച്ചു

ലക്ഷദ്വീപിലെ സര്‍ക്കാര്‍ കോളേജുകളിലെ പ്രമുഖ കോഴ്‌സുകള്‍ അപ്രതീക്ഷിതമായി വെട്ടിക്കുറച്ചു

3
0

Source :- SIRAJLIVE NEWS

കവരത്തി | ലക്ഷദ്വീപിലെ സര്‍ക്കാര്‍ കോളേജുകളിലെ പ്രമുഖ കോഴ്‌സുകള്‍ അപ്രതീക്ഷിതമായി വെട്ടിക്കുറച്ചുകൊണ്ട് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ഉത്തരവ്. ഉന്നതവിദ്യാഭ്യാസ കൗണ്‍സലിംഗ് സീറ്റ് അലോട്ട്‌മെന്റ് നാളെ നടക്കാനിരിക്കെയാണ് നടപടി. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എം ഭരണി ഇന്ന് പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം കൗണ്‍സലിംഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കോഴ്‌സുകളുടെ എണ്ണം ചുരുക്കി.

പോണ്ടിച്ചേരി സര്‍വ്വകലാശാലയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും സീറ്റ് അലോട്ട്‌മെന്റ് എന്ന് ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും പെട്ടെന്ന് കോഴ്‌സുകള്‍ റദ്ദാക്കിയതിന് കൃത്യമായ മറുപടി നല്‍കാന്‍ ലക്ഷദ്വീപ്പ് വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല. പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള വിജ്ഞാപനം പിന്നീട് പ്രത്യേകം ഇറക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. നിലവിലുള്ള കോഴ്‌സുകള്‍ ഇല്ലാതാക്കിയത് ദ്വീപിലെ വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ആന്ത്രോത്ത്, കടമത്ത് ഗവണ്‍മെന്റ് കോളേജുകളില്‍ നിന്നാണ് മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നതും വിദ്യാര്‍ത്ഥികള്‍ ഏറെ ആശ്രയിച്ചിരുന്നതുമായ കോഴ്‌സുകള്‍ പെട്ടെന്ന് എടുത്തുമാറ്റിയിരിക്കുന്നത്. ആന്ത്രോത്ത് ദ്വീപിലെ ഗവ. കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സ് കോഴ്‌സ് ഒഴിവാക്കി. പുതിയ ഉത്തരവ് പ്രകാരം ബി കോം മാത്രമാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്. കടമത്ത് ഗവ. കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ നിന്നും ബി എ ഇംഗ്ലീഷ്, ബി വോക് സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്, ബി വോക് ടൂറിസം ആന്‍ഡ് സര്‍വീസ് ഇന്‍ഡസ്ട്രി എന്നീ മൂന്ന് പ്രധാന കോഴ്‌സുകളാണ് നീക്കം ചെയ്തത്. പകരം ബി എ ഇക്കണോമിക്‌സും, ഡി വോക് കാറ്ററിംഗ് ആന്‍ഡ് ഹോസ്പിറ്റാലിറ്റിയും മാത്രമാണ് നിലനിര്‍ത്തിയിരിക്കുന്നത്.

സീറ്റ് അലോട്ട്‌മെന്റിന്റെ തൊട്ടുതലേന്നുള്ള ഈ നീക്കം ലക്ഷദ്വീപിലെ സാധാരണക്കാരായ വിദ്യാര്‍ഥികളുടെ ഉപരിപഠന സ്വപ്‌നങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ദ്വീപിലെ ഉന്നതവിദ്യാഭ്യാസ മേഖലയോടും വിദ്യാര്‍ഥി സമൂഹത്തോടും ഭരണകൂടവും വിദ്യാഭ്യാസ വകുപ്പും കാണിക്കുന്ന കൊടും ക്രൂരതയും തികഞ്ഞ അവഗണനയുമാണ് ഇതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.

Content Highlights:
The Lakshadweep Directorate of Education has abruptly reduced major courses in government colleges just before seat allotment counseling. Important streams like Political Science, BA English, and BVoc courses were removed from Andrott and Kadmat colleges. This sudden decision has caused great anxiety among local students seeking higher studies.