Source :- SIRAJLIVE NEWS
ന്യൂഡൽഹി | വാട്സ്ആപ്പ് ബിസിനസ് ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്കുള്ള സൗജന്യ സേവനങ്ങൾ അവസാനിപ്പിച്ച് മെറ്റ. ഒക്ടോബർ ഒന്നു മുതൽ വാട്സ്ആപ്പ് ബിസിനസ് ഉപയോഗിക്കാൻ പണം നൽകേണ്ടിവരും. വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ബിസിനസുകൾ ഉപഭോക്താക്കൾക്ക് അയക്കുന്ന സർവീസ് മെസ്സേജുകൾക്കാണ് ഇനി മുതൽ നിരക്ക് ഈടാക്കുക. നിലവിലുള്ള യൂട്ടിലിറ്റി, ഓതെന്റിക്കേഷൻ മെസ്സേജുകളുടെ അതേ നിരക്കായിരിക്കും സർവീസ് മെസ്സേജുകൾക്കും ബാധകമാവുക.
സെപ്റ്റംബർ 30-നകം പേയ്‌മെന്റ് രീതികൾ കോൺഫിഗർ ചെയ്യാത്ത സ്ഥാപനങ്ങൾക്കുള്ള സർവീസ് മെസ്സേജ് ഡെലിവറി ഒക്ടോബർ ഒന്നു മുതൽ നിർത്തിവെക്കുമെന്ന് മെറ്റ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാട്സ്ആപ്പിന്റെ 24 മണിക്കൂർ കസ്റ്റമർ സർവീസ് വിൻഡോയ്ക്കുള്ളിൽ (Customer Service Window) അയക്കുന്ന മറുപടി സന്ദേശങ്ങൾക്കും പുതിയ തീരുമാനം വരുന്നതോടെ നിരക്ക് നൽകേണ്ടി വരും.
2024 നവംബർ ഒന്നു മുതൽ സർവീസ് മെസ്സേജുകളും, 2025 ജൂലൈ ഒന്നു മുതൽ 24 മണിക്കൂർ സർവീസ് വിൻഡോയിലെ യൂട്ടിലിറ്റി മെസ്സേജുകളും മെറ്റ സൗജന്യമായാണ് നൽകിയിരുന്നത്. എന്നാൽ ഒക്ടോബർ ഒന്നു മുതൽ ഈ രണ്ടു വിഭാഗങ്ങൾക്കും ചാർജ് ഈടാക്കും. ഹ്യൂമൻ കസ്റ്റമർ സർവീസ് പ്രതിനിധികളോ തേഡ് പാർട്ടി എ ഐ സംവിധാനങ്ങളോ അയക്കുന്ന നോൺ ടെംപ്ലേറ്റ് സന്ദേശങ്ങളാണ് സർവീസ് മെസ്സേജുകൾ.
ഇന്ത്യയിലെ വാട്സ്ആപ്പ് ബിസിനസ് ഏജന്റ് അക്കൗണ്ടുകൾക്കുള്ള നിരക്കുകൾ ഇന്ത്യൻ രൂപയിലാണ് ഈടാക്കുക. ഗ്ലോബൽ ബിസിനസ് ഏജന്റ് നിരക്ക് അനുസരിച്ച് സന്ദേശം ഡെലിവറി ചെയ്യുന്ന സമയത്തെ വിനിമയ നിരക്കാണ് ബാധകമാവുക. ഓഗസ്റ്റ് ഒന്നു മുതൽ ടോക്കൺ അടിസ്ഥാനത്തിലാണ് ഇതിന് ചാർജ് ഈടാക്കുന്നത്. ഒരു ദശലക്ഷം ടോക്കണുകൾക്ക് രണ്ടു ഡോളറാണ് ആഗോള നിരക്ക്. ഒരു സാധാരണ സന്ദേശത്തിന് 20,000 മുതൽ 25,000 വരെ ടോക്കണുകൾ വേണ്ടിവരും. ഇത് ഏകദേശം നാല് മുതൽ അഞ്ച് സെന്റ് വരെ വരും.
സൊല്യൂഷൻ പ്രൊവൈഡർ വഴിയോ ഡയറക്ട് ഇന്റഗ്രേഷൻ വഴിയോ വാട്സ്ആപ്പ് ബിസിനസ് ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ സെപ്റ്റംബർ 30-ന് മുൻപായി പേയ്‌മെന്റ് രീതികൾ അപ്‌ഡേറ്റ് ചെയ്യണം. സെപ്റ്റംബർ എട്ടു മുതൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴി പേയ്‌മെന്റ് നടത്തുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം, വാട്സ്ആപ്പ് ആഡ് വഴി എത്തുന്ന ഉപഭോക്താക്കൾക്കുള്ള ഫ്രീ എൻട്രി പോയിന്റ് വിൻഡോയിൽ മാറ്റമില്ല.
Content Highlights
Meta will start charging for WhatsApp Business service messages from October 1 in India. Businesses must update payment methods by September 30 to avoid service interruptions.




