Source :- SIRAJLIVE NEWS
ടെഹ്രാന്‍ | ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ അമേരിക്കയുടെ ഒന്നിലധികം സൈനിക വിമാനങ്ങള്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. ജോര്‍ദാനിലെ അല്‍ അസ്രക്കിലുള്ള യുഎസിന്റെ വ്യോമസേനാ താവളത്തിന് നേരെ നടത്തിയ ആക്രമണത്തിലാണ് സൈനിക വിമാനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചതെന്നാണു റിപ്പോര്‍ട്ട്.
ഇറാന്റെ എണ്ണക്കപ്പലുകള്‍ക്ക് നേരെ യു എസ് ആക്രമണം ഉണ്ടായതിന് പിന്നാലെ ആണ് ജോര്‍ദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ അര്‍ധരാത്രിയില്‍ ആക്രമണം കടുപ്പിച്ചത്. ജോര്‍ദാനിലെ യു എസ് വ്യോമതാവളത്തിന് പുറമേ, യു എസിന്റെ എട്ട് ടാങ്കറുകള്‍ക്കും രണ്ട് പടക്കപ്പലുകള്‍ക്കും നേരെ ആക്രമണം നടത്തിയതായി ഇറാന്‍ സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) അവകാശപ്പെട്ടു.
അല്‍ അസ്രക്കിലെ മുവാഫഖ് സാള്‍ട്ടി വ്യോമതാവളത്തില്‍ തുടര്‍ച്ചയായി സ്‌ഫോടനം ഉണ്ടാകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തില്‍ അമേരിക്കന്‍ എ-10 തണ്ടര്‍ബോള്‍ട്ട് വിമാനം കാണാതായെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള സി ബി എസ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജോര്‍ദാനിലേക്ക് മിസൈലുകള്‍ തൊടുക്കുന്ന ദൃശ്യങ്ങള്‍ ഇറാന്‍ ഔദ്യോഗിക മാധ്യമവും പുറത്തുവിട്ടു.
ഇറാന്റെ ആക്രമണത്തില്‍ യുഎസിന്റെ എട്ട് എഫ്-15 പോര്‍വിമാനങ്ങള്‍ക്ക് നിസ്സാര കേടുപാടുകള്‍ സംഭവിച്ചെങ്കിലും സുരക്ഷിതമായി മടങ്ങി. ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കാനായി 30ലധികം പാട്രിയറ്റ് മിസൈലുകള്‍ യു എസ് സൈന്യം വര്‍ഷിച്ചു. അതേസമയം ഇറാന്‍ തൊടുത്ത 20ല്‍ 18 മിസൈലുകളും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായി ജോര്‍ദാന്‍ പറഞ്ഞു. ശേഷിക്കുന്ന രണ്ട് മിസൈലുകള്‍ ജനവാസമില്ലാത്ത മേഖലയില്‍ പതിച്ചതായും ആളപായമില്ലെന്നും ജോര്‍ദാന്‍ അധികൃതര്‍ വ്യക്തമാക്കി.
ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകള്‍ക്ക് നേരെ യുഎസിന്റെ സൈനിക നടപടി ഉണ്ടായതിന് പിന്നാലെ ആണ് ജോര്‍ദാനിലെ യുഎസിന്റെ വ്യോമ താവളം ലക്ഷ്യമിട്ട് ആക്രമണം നടന്നത്. ഒമാന്‍ ഉള്‍ക്കടലില്‍ നാല് ക്രൂഡ് ഓയില്‍ ടാങ്കറുകളും പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ ഖാര്‍ഗ് ദ്വീപില്‍ ഒരു ടാങ്കറും ലക്ഷ്യമിട്ടതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണത്തെ അമേരിക്കന്‍ പടക്കപ്പല്‍ പ്രതിരോധിച്ചതായും ആളപായം ഉണ്ടായിട്ടില്ലെന്നും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
Content Highlights: Iran launched a ballistic missile attack on the US Muwaffaq Salti Air Base in Jordan, causing damage to military aircraft. The IRGC claimed the strike was in retaliation for US attacks on Iranian oil tankers in the Gulf. Jordan reported intercepting 18 of 20 Iranian missiles, while CENTCOM confirmed defending its positions.




